08 December Wednesday

നുകർന്നു, ആദ്യക്ഷരമധുരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കെ കെ ശൈലജ എംഎൽഎ കുരുന്നിന്‌ ആദ്യക്ഷരം കുറിച്ചപ്പോൾ

കണ്ണൂർ

വിജയദശമി നാളിൽ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്‌. കോവിഡ്‌ കാലത്തിന്റെ പരിമിതികൾക്കിടയിലും കുരുന്നുകളുടെ വിദ്യാരംഭച്ചടങ്ങുകൾ മനോഹരമാക്കാനുള്ള ഒരുക്കങ്ങളായിരുന്നു നാടെങ്ങും. കഴിഞ്ഞ വർഷം വീടുകളിൽ നടത്തിയ വിദ്യാരംഭം ചടങ്ങുകൾ ഇത്തവണ കോവിഡ്‌ നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളിലും വായനശാലകളിലും സാംസ്‌കാരിക നിലയങ്ങളിലും നടന്നു. 
  കുഞ്ഞു കസവുമുണ്ടിനും പട്ടുപാവാടയ്‌ക്കും മുല്ലപ്പൂവിനുമൊപ്പം കുഞ്ഞു മാസ്‌കുമണിഞ്ഞാണ്‌ കൊച്ചുകൂട്ടുകാരെത്തിയത്‌. കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി രക്ഷിതാവ്‌ തന്നെയാണ്‌ ഹരിശ്രീ കുറിച്ചത്‌. എന്താണ്‌ സംഭവമെന്ന്‌ അറിയാതെ ചിലർ അമ്പരന്നപ്പോൾ ചിലർ ചെറുപുഞ്ചിരിയോടെ ആദ്യക്ഷരമെഴുതി. വാശി പിടിച്ചു കരഞ്ഞ്‌ ചിലർ ബഹളംവച്ചെങ്കിലും പിന്നാലെ കൈയിൽകിട്ടിയ മിഠായി മധുരത്തിൽ കണ്ണീർ മാഞ്ഞു. 
  ജില്ലയിൽ പള്ളിക്കുന്ന്‌ മൂകാംബിക ക്ഷേത്രം അടക്കമുള്ള ദേവീ ക്ഷേത്രങ്ങളിൽ   തിരക്ക്‌ അനുഭവപ്പെട്ടു.   ടോക്കൺപ്രകാരമുള്ള സമയത്താണ്‌ രക്ഷിതാക്കൾ കുട്ടികളെയും കൂട്ടിയെത്തിയത്‌. മിക്കയിടത്തും  രാവിലെ 7.30 മുതൽ വിദ്യാരംഭച്ചടങ്ങ്‌ തുടങ്ങി. കുട്ടിയ്‌ക്കൊപ്പം രണ്ടു പേർക്കേ  പ്രവേശനം അനുവദിച്ചുള്ളൂ. ആൾത്തിരക്കുള്ള ക്ഷേത്രങ്ങളുടെ കവാടത്തിനു മുന്നിൽ ആരോഗ്യ പ്രവർത്തകർ താപനില പരിശോധിച്ചു. വായനശാലകളിൽ പുസ്‌തകക്കൂട്ടങ്ങൾക്കിടയിലിരുന്നും കുരുന്നുകൾ ആദ്യക്ഷരംകുറിച്ചു.  വീടുകളിലും  വിദ്യാരംഭച്ചടങ്ങുകൾ നടന്നു.  അക്ഷരലോകത്തേക്ക് കുരുന്നുകളുടെ കൈപിടിച്ച് കെ കെ ശൈലജ എംഎൽഎയും. വിജയദശമി ദിനത്തിൽ  വീട്ടിലെത്തിയ കുരുന്നുകൾക്കാണ്‌  എംഎൽഎയും ഭർത്താവ്‌  കെ ഭാസ്കരനും ചേർന്ന് അക്ഷര മധുരം പകർന്നുനൽകിയത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ കണ്ണൂരിലെ എ പി ജെ അബ്ദുൾകലാം ലെെബ്രറിയിൽ കുട്ടികളെ എഴുത്തിനിരുത്തി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top