21 October Wednesday

മാർച്ചിന്റെ മറവിൽ പാപ്പിനിശേരിയിൽ ബിജെപി–- ആർഎസ്‌എസ്‌ അക്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

‌മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്ക്‌ മാർച്ച്‌ ചെയ്‌ത അക്രമാസക്തരായ ബിജെപി –- യുവമോർച്ചാ –-ആർഎസ്‌എസ്‌ പ്രവർത്തകർ

പാപ്പിനിശേരി
മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്കു സംഘടിപ്പിച്ച മാർച്ചിന്റെ മറവിൽ പാപ്പിനിശേരിയിൽ സംഘപരിവാർ കൊലവിളിയും അഴിഞ്ഞാട്ടവും. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിനു കല്ലെറിഞ്ഞ അക്രമികൾ ഓഫീസ്‌ വരാന്തയിലുണ്ടായിരുന്ന ഫർണിച്ചറുകളും നശിപ്പിച്ചു. സമരസ്ഥലത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ദേശീയപാത വഴി പോയ വാഹനങ്ങളെയടക്കം ആക്രമിച്ചു.
ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് മാർച്ചിനെത്തിയ ആർഎസ്എസ്, ബിജെപി, യുവമോർച്ച സംഘം മാരകായുധങ്ങളുമായി പാപ്പിനിശേരിയിൽ ആക്രമണം നടത്തിയത്‌. മാർച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ്‌ സന്ദീപ് വാര്യർ നടത്തിയ പ്രകോപന പ്രസംഗത്തിനുശേഷമായിരുന്നു പ്രവർത്തകരുടെ അക്രമപ്പേക്കൂത്ത്‌. പാപ്പിനിശേരിയിൽ ഇനി ചെങ്കൊടി പാറാൻ അനുവദിക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ ആക്രോശം. ഇതുകേട്ട്‌ ഉറഞ്ഞുതുള്ളിയ സമരക്കാർ മാർച്ച് അവസാനിപ്പിച്ചശേഷം പൊലീസിനെ ആക്രമിക്കാൻ ശ്രമം നടത്തി. കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഇവരെ തടഞ്ഞതോടെ വേളാപുരത്ത് ദേശീയപാതയിലേക്ക് നീങ്ങിയ അക്രമികൾ അതുവഴി കടന്നുപോയ വാഹനങ്ങൾ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു.
സമരം അവസാനിപ്പിച്ചശേഷം വീണ്ടും റോഡ് ഉപരോധിക്കുന്നത്‌ അനുവദിക്കാനാവില്ലെന്നു പറഞ്ഞ്‌ പൊലീസ്‌ നിലപാട് കടുപ്പിച്ചതോടെ സമരക്കാർ റോഡിലൂടെയെത്തിയ വാഹനങ്ങൾ ആയുധങ്ങൾകൊണ്ട് അടിച്ചും കുത്തിയും കേടുവരുത്തി. ബൈക്ക് യാത്രികരെ ഓടിച്ച് തല്ലി. പല യാത്രക്കാരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 
പൊലീസ് ലാത്തിച്ചാർജ്‌ ചെയ്തതോടെയാണ്‌ സമരക്കാർ മുക്കാൽ കിലോമീറ്ററോളം ദൂരെയുള്ള സിപിഐ എം പാപ്പിനിശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിനുനേരെ ഇരച്ചെത്തിയത്‌. 
ഓഫീസിലേക്ക്  കല്ലേറ് നടത്തിയ അക്രമികൾ വരാന്തയിലെ മേശയും കസേരയും നശിപ്പിച്ചു. വേളാപുരത്തും പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപവും സ്ഥാപിച്ച സിപിഐ എമ്മിന്റെയും വർഗ–- ബഹുജന സംഘടനകളുടെയും കൊടികളും നശിപ്പിച്ചു. പൊലീസ്‌ ഏറെ പണിപ്പെട്ടാണ് അക്രമികളെ തുരത്തിയത്‌. നാട്ടുകാരുടെ അവസരോചിത ഇടപെടലും നിർണായകമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top