04 April Saturday

കാക്കിക്കൊപ്പം പച്ചക്കറിയും വിളയും

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
കണ്ണൂർ
ജില്ലയിലെ മുഴുവൻ പൊലീസ്‌ സ്‌റ്റേഷനുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ആറളം പൊലീസ്‌ സ്‌റ്റേഷൻ മാതൃകയിലാണ്‌ പച്ചക്കറി കൃഷി  മറ്റിടങ്ങളിൽ നടപ്പാക്കുക. കൃഷി  വികസന വകുപ്പിന്റെ ജീവനി പദ്ധതിയുടെ ഭാഗമായാണ്‌ പൊലീസ്‌ സ്‌റ്റേഷനുകളിൽ പച്ചക്കറി കൃഷി. കൂത്തുപറമ്പ്‌, പാനൂർ, കൊളവല്ലൂർ  സ്‌റ്റേഷനുകളിലാണ്‌ ഉടൻ പച്ചക്കറി കൃഷി  തുടങ്ങുക.  ശിശുസൗഹൃദ പൊലീസ്‌ സ്‌റ്റേഷനായ കൂത്തുപറമ്പിൽ  കൃഷി ചെയ്യാനാവശ്യമായി സ്ഥലമുണ്ട്‌. മറ്റിടങ്ങളിൽ ഗ്രോബാഗിലാണ്‌ കൃഷി. 
വനിതാ ജയിൽ  ഒഴികെ ജില്ലയിലെ മുഴുവൻ ജയിലുകളിലും ഇപ്പോൾ പച്ചക്കറി കൃഷിയുണ്ട്‌.  കണ്ണൂർ സെൻട്രൽ ജയിൽ, സ്‌പെഷ്യൽ സബ്‌ജയിൽ, ജില്ലാ ജയിൽ, സബ്‌ജയിൽ എന്നിവിടങ്ങളിലാണ്‌ കൃഷി വകുപ്പിന്റെ സഹായത്തോടെ മികച്ച രീതിയിൽ  പച്ചക്കറി കൃഷി നടത്തുന്നത്‌. മുഴുവൻ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പച്ചക്കറി നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ കൃഷി വികസന വകുപ്പ്‌.
ബജറ്റ്‌ നിർദേശത്തെ തുടർന്ന്‌ സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കുള്ള പച്ചക്കറി കൃഷി പദ്ധതിക്ക്‌ ഒരുക്കം തുടങ്ങി. ജില്ലയിൽ ഇതിന്റെ കണക്കെടുപ്പ്‌ പൂർത്തിയായി. അക്രഡിറ്റഡ്‌ മാധ്യമ  പ്രവർത്തകർക്ക്‌ പുറമെയുള്ളവരെയൂം പരിഗണിക്കും. മുരിങ്ങ, കറിവേപ്പില, അഗസ്‌തിച്ചീര, കോവൽ എന്നീ ഇനങ്ങളാണ്‌ കൃഷിചെയ്യുക.  പച്ചക്കറി തൈകളും വിത്തുകളും നൽകും.  അതത്‌ കൃഷി ഭവനുകളാണ്‌ പദ്ധതി നടപ്പാക്കുക.  തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കും ഇതേ പദ്ധതിയിൽ പച്ചക്കറി കൃഷിക്ക്‌ തൈകളും വിത്തുകളും നൽകും. എംപി, എംഎൽഎമാർ എന്നിവർക്ക്‌ നേരത്തെ ഈ പദ്ധതി തുടങ്ങിയിരുന്നു. 
പ്രധാന വാർത്തകൾ
 Top