മയ്യിൽ
പാവന്നൂർ വയലിലെ കെ പി അബ്ദുൾ അസീസിന്റെ വാഴത്തോട്ടത്തിൽ വിളയുന്നതിൽ ഒരു പങ്ക് സ്കൂൾ വിദ്യാർഥികൾക്കുള്ളതാണ്. അവർക്ക് കൊടുത്തേ വിൽപ്പനയ്ക്കുള്ള കുലകൾ വിളവെടുക്കൂ. വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കാൻ സ്കൂളുകളിലേക്ക് 10 വീതം വാഴക്കന്നും നൽകുന്നു. ആദ്യഘട്ടമായി ആന്തൂർ നഗരസഭയിലെയും മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളിലെയും മുഴുവൻ വിദ്യാലയങ്ങളിലും വാഴക്കുല സമ്മാനിക്കും.
ആന്തൂർ നഗരസഭയിലെ 20 സ്കൂളുകളിൽ ഇതിനകം വാഴക്കുലകളും കന്നും നൽകി. 400 രൂപയോളം വിലയുള്ള കുലകളാണ് നൽകുന്നത്. കോവിഡ് വ്യാപനംമാത്രമാണ് ലക്ഷ്യം പൂർത്തിയാക്കുന്നതിൽ അബ്ദുൾ അസീസിന് മുന്നിലെ വെല്ലുവിളി.
രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലെയും തുടർന്ന് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സദ് പ്രവൃത്തി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അബ്ദുൾ അസീസ്. പത്തേക്കർ വയലിൽ വിവിധ സീസണുകളിൽ വിളവെടുക്കാൻ പാകത്തിൽ പതിനായിരത്തോളം വാഴകളുണ്ട്. നേന്ത്രക്കായക്ക് വില എത്ര കൂടിയാലും നന്മയുടെ ഈ വഴി തുടരുമെന്ന് അബ്ദുൾ അസീസ് പറയുന്നു.
നന്മക്കൊപ്പമുള്ള യാത്രയിൽ അബ്ദുൾ അസീസ് ഒറ്റയ്ക്കല്ല. ഒപ്പം ഭാര്യ പി പി നബീസയും കുടുംബവുമുണ്ട്. സ്വന്തം ഗുഡ്സ് ഒട്ടോയിലാണ് കുലകളും വാഴക്കന്നുകളും സ്കൂളുകളിലെത്തിക്കുന്നത്. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും സൗജന്യമായി വാഴക്കുലകൾ നൽകാറുണ്ട്. വാഴക്കാമ്പും കൂമ്പും നാട്ടുകാർക്കുള്ളതാണ്. ചിലർക്ക് കായയും വാഴക്കന്നും സൗജന്യമായി നൽകും. ചാലോട് സ്വാശ്രയ കർഷക വിപണിയിലാണ് നേന്ത്രക്കായ വിൽക്കുന്നത്.
പാവന്നൂർ ഐടിഎം കോളേജിന് സമീപത്തെ ഹസീന മൻസിലിലാണ് അമ്പത്താറുകാരനായ അബ്ദുൾ അസീസിന്റെ താമസം. കൃഷിയിൽ ഭാര്യയും മൂന്ന് പണിക്കാരും സഹായിക്കുന്നു. 2008ൽ വാഴത്തോട്ടത്തിനടുത്ത പുഴയിൽ മുങ്ങി താഴുകയായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് ഈ കർഷകനാണ് രക്ഷകനായത്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനത്തിനെല്ലാം അബ്ദുൾ അസീസ് മുന്നിലുണ്ട്. ചെറുകിട മോട്ടോർ തൊഴിലാളി യൂണിയൻ(സിഐടിയു) മയ്യിൽ ഏരിയാ കമ്മിറ്റി അംഗവും സിപിഐ എം കുറ്റ്യാട്ടൂർ പഴശ്ശി വാഴക്കൽ ബ്രാഞ്ചംഗവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..