25 February Thursday

പാറപ്രം റഗുലേറ്റർ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

പാറപ്രം റെഗുലേറ്റർ നിർമാണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

പിണറായി
അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പാറപ്രത്ത്  നിർമിക്കുന്ന പാറപ്രം റെഗുലേറ്ററിന്റെ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പൂർത്തിയായാൽ പ്രദേശത്തെ 1200 ഏക്കർ കൃഷിക്ക് ഗുണപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശേരി പഞ്ചായത്തുകളിലെ കൃഷി സ്ഥലങ്ങളിൽ  ഉപ്പുവെള്ളം കയറുന്ന സ്ഥിതിയാണ്.   പദ്ധതി പൂർത്തിയായാൽ ഇതിനു പരിഹാരം കാണാൻ കഴിയും–- മുഖ്യമന്ത്രി പറഞ്ഞു. തലശേരി, മാഹി നഗരസഭകളിലേക്കും, ധർമ്മടം പഞ്ചായത്തിലേക്കുമുള്ള കുടിവെള്ളം ലഭ്യമാക്കുന്ന കീഴല്ലൂർ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പ്രദേശത്തെ ഭൂഗർഭ ജലലഭ്യത ഉറപ്പുവരുത്താനും പദ്ധതിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 
ധർമ്മടം മണ്ഡലത്തിലെ പിണറായി  പെരളശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റെഗുലേറ്റർ നിർമിക്കുന്നത്.  നിർദിഷ്ട റഗുലേറ്റർ കം ബ്രിഡ്ജിന് 99.6 മീറ്ററാണ് നീളം. 12 മീറ്റർ നീളമുള്ള ആറ് ഷട്ടറുകളും 14 മീറ്റർ നീളമുള്ള ലോക്കും 1.5 മീറ്റർ വീതിയുള്ള നടപ്പാലവും പ്രത്യേകതയാണ്. ജലഗതാഗതത്തിനായാണ്‌ നാവിഗേഷൻ ലോക്ക്‌. കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും പദ്ധതിയിൽ വിഭാവനം ചെയ്‌തിട്ടുണ്ട്‌. കിഫ്‌ബിയിൽനിന്നും അനുവദിച്ച  44.49 കോടി രൂപ ചെലവ് വരുന്ന പദ്ധതി 18 മാസംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം. 
മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ, എ വി ഷീബ, കെ ഗീത, കെഐഡിസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത്, കെഐഐഡിസി ചീഫ് എൻജിനിയർ ടെറൻസ് ആന്റണി, എം ബാലകൃഷ്ണൻ, ആർ കെ ഗിരിധരൻ, കെ സി ജയപ്രകാശ്, എം ബാലൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top