08 December Sunday

കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനാചരണം: വിപുലമായ പരിപാടികൾ

സ്വന്തം ലേഖികUpdated: Friday Nov 15, 2019
കണ്ണൂർ
കൂത്തുപറമ്പ്‌ രക്തസാക്ഷിത്വത്തിന്റെ 25ാം വാർഷിക ഭാഗമായി 25ന്‌ കൂത്തുപറമ്പിൽ യുവജനറാലി സംഘടിപ്പിക്കും.  റാലി  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.  റാലിയിൽ അരലക്ഷം യുവജനങ്ങൾ അണിനിരക്കും. കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, തലശേരി, പാനൂർ ബ്ലോക്കുകളിൽനിന്നുള്ളവരാണ്‌ റാലിയിൽ അണിനിരക്കുക. 25ാം വാർഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മനു തോമസും സെക്രട്ടറി എം ഷാജറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ 100 രക്തദാന ക്യാമ്പുകൾ  സംഘടിപ്പിക്കുന്നുണ്ട്. നവംബർ ഒന്നിന്‌ ആരംഭിച്ച ക്യാമ്പ് 2020 ജൂൺ 27ന്‌ സമാപിക്കും. 
ജില്ലയിലെ ഡിവൈഎഫ്‌ഐ യൂണിറ്റിലെ വനിതാ ഭാരവാഹികളായ യുവതികളുടെ സംഗമം ശനിയാഴ്‌ച നടക്കും. ‘പെൺകരുത്ത്‌’ എന്ന പേരിൽ നായനാർ അക്കാദമിയിൽ യുവതികളുടെ സംഗമം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനംചെയ്യും. വിധു വിൻസെന്റ്‌, പ്രൊഫ. ടി ഉഷാകുമാരി എന്നിവർ വിശിഷ്ടാതിഥികളാകും.
 18ന്‌  കൂത്തുപറമ്പിൽ  സമരപോരാളികളുടെ സംഗമം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 
കൂത്തുപറമ്പ് സമരം റിപ്പോർട്ട്‌ ചെയ്ത മാധ്യമപ്രവർത്തകരുടെ സംഗമം ‘സമരഭൂമിയിലെ നേർസാക്ഷ്യം’ 19ന്‌   തലശേരിയിൽ. സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജോൺ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മാധ്യമപ്രവർത്തകരെ ആദരിക്കും.
 23ന് പയ്യന്നൂരിൽ  ‘രക്തസാക്ഷ്യം’ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  24ന് മാടായി, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ് ബ്ലോക്കുകളുടെ അനുസ്മരണറാലി യഥാക്രമം എ എ റഹീം, പി എ മുഹമ്മദ് റിയാസ്, ജെയ്ക് സി തോമസ്, എം വി ജയരാജൻ, എസ് സതീഷ് എന്നിവർ ഉദ്ഘാടനം ചെയ്യും.
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ഓഫീസിന്റെ നവീകരണത്തിന്റെ ഭാഗമായി പണി കഴിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഹാളിന്റെ ഉദ്ഘാടനം 23ന് വൈകിട്ട്‌ നാലിന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌  രാമചന്ദ്രൻപിള്ള നിർവഹിക്കും. ഫോട്ടോ അനാച്ഛാദനം എ എ റഹീമും, ലൈബ്രറി ഉദ്ഘാടനം  എം വി ജയരാജനും നിർവഹിക്കും.
24ന് രക്തസാക്ഷികളുടെ നാടുകളിൽ റാലിയും അനുസ്മരണ പൊതുയോഗവും നടക്കും. കെ കെ രാജീവൻ ദിനാചരണം എ എൻ ഷംസീർ എംഎൽഎയും, ഷിബുലാൽ ദിനാചരണം എം സ്വരാജ് എംഎൽഎയും, ബാബു അനുസ്‌മരണം കെ യു ജനീഷ് കുമാർ എംഎൽഎയും, മധു അനുസ്മരണം എൻ എൻ കൃഷ്ണദാസും, റോഷൻ അനുസ്മരണം ധനമന്ത്രി തോമസ് ഐസക്കും ഉദ്ഘാടനം ചെയ്യും. 
ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും രക്തസാക്ഷ്യം എന്ന പേരിൽ രക്തസാക്ഷി അനുസ്മരണം നടക്കുമെന്നും ഭാരവഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എം വിജിൻ, സരിൻ ശശി, മുഹമ്മദ് അഫ്സൽ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top