27 October Wednesday

ആഹ്ലാദം, അഭിമാനം; 
ജോസഫ്‌ പട്ടയം ഏറ്റുവാങ്ങി

മനോഹരൻ കൈതപ്രംUpdated: Wednesday Sep 15, 2021

പുതുശേരി ജോസഫിന്‌ കെ കെ ശൈലജ എംഎൽഎ പട്ടയം നൽകുന്നു.

ഇരിട്ടി

കാൽനൂറ്റാണ്ടിലേറെ ഓഫീസുകൾ കയറിയിറങ്ങി തേഞ്ഞ  പാദങ്ങളും  പരാതികൾ നൽകി കുഴഞ്ഞ കൈകളും പ്രതീക്ഷ അസ്‌തമിച്ച മനസ്സുമല്ല ഇപ്പോൾ ഉളിക്കൽ പഞ്ചായത്ത്‌ കോളനിയിലെ പുതുശ്ശേരി ജോസഫിന്‌.  27 വർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ ഈ എൺപത്തിയാറുകാരൻ പട്ടയം ഏറ്റുവാങ്ങിയത്‌. മകൻ റോയിക്ക്‌ പതിച്ചുകിട്ടിയ 20 സെന്റ്‌ മിച്ചഭൂമിയുടെ പട്ടയം കെ കെ ശൈലജ എംഎൽഎയിൽനിന്ന്‌  കൈപ്പറ്റുമ്പോൾ  അദ്ദേഹത്തിന്റെ സന്തോഷം അണപൊട്ടി. ഇരിട്ടി താലൂക്ക്‌ പട്ടയമേളയിലാണ്‌ ജോസഫിന്റെ ദുരിതത്തിന്‌ അറുതിയായത്‌. 

ജോസഫിന്റെ മകൻ റോയിക്ക്‌ 1993ൽ പടിയൂരിൽ 20 സെന്റ്‌ മിച്ചഭൂമി അനുവദിച്ച്‌ ഉത്തരവായിരുന്നു. 94ൽ പട്ടയം വിതരണത്തിന്‌ സജ്ജമായപ്പോൾ ഏറ്റുവാങ്ങാൻ റോയി ഇല്ലായിരുന്നു. മകന്റെ ആകസ്‌മിക വേർപാടിനെ തുടർന്ന്‌ അനുവദിച്ച പട്ടയം സർക്കാരിലേക്ക്‌ തിരികെ പോയി.  മകന്‌ കിട്ടിയ മിച്ചഭൂമി തന്റെ പേരിലാക്കി പട്ടയം നൽകാൻ  തളിപ്പറമ്പ്‌ ലാൻഡ്‌ ട്രൈബ്യൂണലിൽ  അപേക്ഷിച്ചു. അന്ന്‌ തൊട്ടിന്നോളം ജോസഫും ഇളയ മകൻ ജെയിംസും പട്ടയം നേടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിൽ ഉളിക്കൽ പഞ്ചായത്ത്‌ കോളനിയിൽ നാല്‌ സെന്റ്‌ സ്ഥലവും ചെറിയ വീടും വിലയ്‌ക്ക്‌ വാങ്ങി താമസം തുടങ്ങി. ജെയിംസിന്റെ ഭാര്യയുൾപ്പെടെ മൂന്നംഗങ്ങളാണ്‌ കുടുംബത്തിലുള്ളത്‌.  

ആദ്യ കോവിഡ്‌ കാലത്തിന്‌ തൊട്ട്‌ മുമ്പ്‌ പട്ടയം അനുവദിച്ച്‌ ഉത്തരവായി. എന്നാൽ വിതരണം അടച്ചുപൂട്ടലിൽ കുടുങ്ങി. ഇതിനിടയിൽ ഇരിട്ടിയിൽ പുതിയ താലൂക്കും ലാൻഡ്‌ ട്രൈബ്യൂണലും നിലവിൽ വന്നതോടെ ജോസഫിന്റെതടക്കമുള്ള പട്ടയ ഫയലുകൾ ഇരിട്ടി താലൂക്ക്‌ പരിധിയിലെത്തി. ചൊവ്വാഴ്‌ച പട്ടയം വാങ്ങാൻ എത്തണമെന്ന അറിയിപ്പ്‌  കിട്ടിയതോടെ ജോസഫ്‌  ആഹ്ലാദത്തിലായി.   ഭൂമി ലഭ്യമാക്കിയ സർക്കാരിനും  പൊതുപ്രവത്തകർക്കും സഹായിച്ച എല്ലാവർക്കും  നന്ദി പറഞ്ഞാണ്‌ ഈ വയോധികൻ മടങ്ങിയത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top