18 June Friday

വിടവാങ്ങിയത് പ്രിയനേതാവ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

മണിയമ്പാറ കുഞ്ഞമ്പുവിന്റെ മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര
കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സന്തോഷ്‌, പി മുകുന്ദൻ, പി കെ ശ്യാമള എന്നിവർ ചേർന്ന്‌ പാർടിപതാക പുതപ്പിക്കുന്നു.

തളിപ്പറമ്പ്
തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ നേതാവിനെയാണ്‌  മണിയമ്പാറ കുഞ്ഞമ്പുവിന്റെ വേർപാടോടെ നഷ്ടമായത്‌. സാമൂഹ്യ–- രാഷ്ട്രീയ രംഗത്തും വികസനപ്രവർത്തനങ്ങളിലും നിറഞ്ഞുനിന്ന നിസ്വാർഥനായ ട്രേഡ് യൂണിയൻ പ്രവർത്തകനായ മണിയമ്പാറ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ  വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു. 17ാം വയസിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. മാങ്ങാട് തെരുവിൽനിന്ന്‌  നെയ്ത്ത് പഠിച്ച്‌ 14 വർഷം കല്യാശേരി വീവേഴ്‌സ് സൊസൈറ്റിയിൽ തൊഴിലാളിയായി. പിന്നീട്‌ ചെങ്കൽ മേഖലയിലെ  ചൂഷണം ചെയ്യുന്നത് തടയാനും തൊഴിലാളികളെ സംരക്ഷിക്കാനും രംഗത്തുവന്നു. കണ്ണൂർ കല്ലുകൊത്ത് തൊഴിലാളി സഹകരണ സംഘം (കൽകോ) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സൊസൈറ്റിയിലേക്ക് തൊഴിലാളികളെ ആകർഷിക്കുന്നതിന് മണിയമ്പാറ ചെങ്കൽ തൊഴിലാളിയായി.  തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി വളർന്ന മണിയമ്പാറ രുപീകരണം മുതൽ ചെങ്കൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്മാരക വായനശാല, പുന്നക്കുളങ്ങര ഗ്രാമീണ വായനശാല എന്നിവയുടെ സ്ഥാപക പ്രവർത്തകനാണ്.  സിഐടിയു  രണ്ടാം അഖിലേന്ത്യാ സമ്മേളനം തൊട്ട്‌ കഴിഞ്ഞ സമ്മേളനംവരെ അഖിലേന്ത്യാ സമ്മേളന പ്രതിനിധിയുമാണ്‌. സിപിഐ എം  ആന്തൂർ ലോക്കൽ കമ്മിറ്റിയിലും ബക്കളം ലോക്കൽ കമ്മിറ്റിയിലും പ്രവർത്തിച്ചു.
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പുന്നക്കുളങ്ങര ഗ്രാമീണ വായനശാലയിൽ പൊതുദർശനത്തിന്‌വച്ച മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, ഏരിയാ സെക്രട്ടറി കെ സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ശ്യാമള, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ഏരിയാ കമ്മറ്റി അംഗം സി അശോക് കുമാർ, ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ എന്നിവർ പാർടിപതാക പുതപ്പിച്ചു. 
 ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, ജയിംസ് മാത്യു, ഡോ. വി ശിവദാസൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ,  കെ വി സുമേഷ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ കുഞ്ഞപ്പൻ, ചെങ്കൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. 
അനുശോചിച്ചു
 ചെങ്കൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഐ എം ബക്കളം ലോക്കൽ കമ്മിറ്റി അംഗവും കൈത്തറി തൊഴിലാളി യൂണിയൻ നേതാവുമായ മണിയമ്പാറ കുഞ്ഞമ്പുവിന്റെ വേർപാടിൽ സർവകക്ഷി യോഗം അനുശോചിച്ചു.  സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, വേലിക്കാത്ത് രാഘവൻ, ചെങ്കൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ, കർഷകസംഘം ഏരിയാ സെക്രട്ടറി എം വി ജനാർദനൻ, എം രാജഗോപാലൻ, എ വി പ്രേമൻ, ടി വി പ്രേമൻ എന്നിവർ സംസാരിച്ചു.
മണിയമ്പാറ കുഞ്ഞമ്പുവിന്റെ വേർപാടിൽ വ്യവസായമന്ത്രി ഇ പി ജയരാജൻ അനുശോചിച്ചു.
ചെങ്കൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് മണിയമ്പാറ കുഞ്ഞമ്പുവിന്റെ നിര്യാണത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി ഓൺലൈനായി  അനുശോചന യോഗം സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ,  ജില്ലാ ട്രഷറർ അരക്കൻ ബാലൻ, ടി ഒ നാരായണൻ, ടി വി മോഹനൻ, കെ പി അനൂപ്, കെ വി ഗോപിനാഥൻ, ടി വി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം അമ്പു അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top