29 February Saturday

‘വിജയം സുനിശ്ചിതം’

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
പാനൂർ/തലശേരി
എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജനെത്തുമ്പോൾ വാഴമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കുരുത്തോല പെരുന്നാളിനുള്ള ഒരുക്കത്തിലായിരുന്നു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശത്തെ അനുസ്മരിക്കുന്ന ഓശാനത്തിരുന്നാളിനിടയിലേക്കാണ് ഞായറാഴ്ച രാവിലെയുള്ള സ്ഥാനാർഥിയുടെ വരവ്. പള്ളിവികാരി ഫാദർ ജോമേഷ് നൂറാമാക്കനെയും കുരുത്തോലപെരുന്നാളിനെത്തിയ വിശ്വാസികളെയും കണ്ട് വോട്ട് അഭ്യർഥിച്ചു. വിജയം സുനിശ്ചിതമെന്നു പറഞ്ഞ് ആശിർവദിക്കുമ്പോൾ ഫാദറുടെ ആവശ്യം ഒന്നുമാത്രമായിരുന്നു. പർലമെന്റിലെത്തിയാൽ മലയോര മേഖലയിലെ പാവങ്ങളുടെ ക്ഷേമത്തിനുള്ള കാര്യവും പരിഗണിക്കണം. 
വാഴമലകഴിഞ്ഞ് നരിക്കോട്ടു മലയിലെത്തുമ്പോൾ ആദിവാസികളടക്കമുള്ളവർ മുദ്യാവാക്യങ്ങളുമായി വരവേറ്റു. താഴ‌് വരയായ പാത്തിക്കലിലും ഉജ്വല സ്വീകരണമായിരുന്നു. പൊയിലൂർ ചമതക്കാട് എത്തുമ്പോഴേക്കും ചൂട് കനത്തു തുടങ്ങി. ഉഷ്ണത്തെ ആവേശംകൊണ്ടു തോൽപിച്ച് വിഷുആഘോഷത്തിരിക്കിനിടയിലും അത്യുജ്വല വരവേൽപാണ് ചമതക്കാടൊരുക്കിയത്. പ്രദേശത്തെ ആദ്യകാല സോഷ്യലിസ്റ്റുകാരും മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകരും മുൻനിരയിൽ. ചെറുവാഞ്ചേരി കുയ്യേരി പി കെ മഹമൂദിന്റെ വീട്ടിലെ കുടുംബ സദസ്സിലേക്ക് പാലിലാണ്ടി അസ്സുട്ടി ഹാരമണിയിച്ചാണ് സ്വീകരിച്ചത്. നട്ടുച്ചക്കും കാര്യാട്ടുപുറത്തെ സ്വികരണത്തിൽ വൻജനാവലി. 
കൂത്തുപറമ്പ് നരവൂരിലെ കുടുംബയോഗത്തിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയംവ്യക്തമാക്കി ഏതാനും വാക്കുകൾ. സാന്ത്വനപ്രസ്ഥാനമായ ഐആർപിസിയുടെ അമരക്കാരൻകൂടിയായ പി ജയരാജന് തൊക്കിലങ്ങാടി കരുണാലയത്തിലും സ്‌നേഹഭവനിലും ഊഷ്മളവരവേൽപായിരുന്നു. അന്തേവാസികളുടെ സുഖവിവരങ്ങൾ തിരക്കി അവർക്കൊപ്പം അൽപനേരം ചെലവഴിച്ചാണ് മടങ്ങിയത്. സിഐടിയു മുൻ നേതാവ് പി വിജയന്റെ വീടും സന്ദർശിച്ചു. തലശേരി ടൗണിലെ വിവിധ കുടുംബസദസ്സുകളിലും സ്ഥാനാർഥിയെത്തി. 
മുൻതലശേരി നഗരസഭാ വൈസ്‌ചെയർമാൻ പിലാക്കണ്ടി മുഹമ്മദലിയുടെ തറവാട്ടിലായിരുന്നു ആദ്യയോഗം. പിലാക്കണ്ടിയുടെ സഹോദരി നസീമ ബൊക്കെ നൽകി സ്വീകരിച്ചു. നവാസ‌് പിലാക്കണ്ടി ഷാൾ അണിയിച്ചു. സ്ഥാനാർഥിയുടെ ചിഹ്നവും ചിത്രവും പതിച്ച കെയ്ക്ക് മുറിയുമുണ്ടായി. പ്രഥമ ജില്ലാ കൗൺസിലിൽ  ഒന്നിച്ച് പ്രവർത്തിച്ച കാലം മുതലുള്ള പിലാക്കണ്ടിയുമായുള്ള ഊഷ്മള സൗഹൃദം പി ജയരാജൻ പ്രത്യേകം ഓർമിച്ചു. 
മണക്കദീപ്, കണ്ടിക്കൽ എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും കോടതിക്കടുത്ത തയ്യിലക്കണ്ടി തറവാട്ടിലെ കുടുംബസദസ്സിലും പങ്കെടുത്തു. തയ്യിലക്കണ്ടി മറിയുമ്മ പൊന്നാടയണിയിച്ചാണ് തറവാട്ടിലേക്ക് സ്വീകരിച്ചത്. എ എൻ ഷംസീർ എംഎൽഎ, അഡ്വ പി ശശി എന്നിവർ തലശേരി ടൗണിലെ കുടുംബസദസുകളിൽ സംസാരിച്ചു. 
എൽഡിഎഫ് നേതാക്കളായ കെകെ പവിത്രൻ, കെ ധനജ്ഞയൻ, എം സി പവിത്രൻ, കെപി ചന്ദ്രൻ, എ പ്രദീപൻ, കെ ടി രാഗേഷ്, കാത്താണ്ടി റസാഖ്, വാഴയിൽ വാസു, കെ വി അഹമ്മദ്ഹാജി,  കെ പി യൂസഫ്, കെ രാമചന്ദ്രൻ, എ വി ബാലൻ, എ രാഘവൻ, കുന്നത്ത് രവീന്ദ്രൻ, ഒ കെ വാസു, എ അശോകൻ, വി രാജൻ, എ പി ഭാസ്‌കരൻ എന്നിവർ കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു. 
പ്രധാന വാർത്തകൾ
 Top