24 February Monday

എട്ടും എച്ചും ഇനി ഡിജിറ്റൽ

സ്വന്തം ലേഖകന്‍Updated: Saturday Feb 15, 2020

കാഞ്ഞിരങ്ങാട് കംപ്യൂട്ടറൈസ്‌ഡ്‌ ടെസ്റ്റിങ് ഗ്രൗണ്ട്‌ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു. ജയിംസ് മാത്യു എംഎൽഎ, ട്രാൻസ്‌പോർട്ട് കമീഷണർ ആർ ശ്രീലേഖ എന്നിവർ സമീപം.

തളിപ്പറമ്പ്
കുത്തി നാട്ടിയ കമ്പികൾക്കിടയിലൂടെ വാഹനമോടിച്ച് ലൈസൻസ് നേടാനുള്ള പരിശോധന  പഴങ്കഥയാവുന്നു. എട്ടും എച്ച് അക്ഷരവും മണ്ണിൽ വരച്ച് അതിലൂടെ ഇനി വാഹനം  ഓടിച്ച് ലൈസൻസ് പരീക്ഷ പാസാക്കുന്നതും ഇനി മറക്കാം.  കംപ്യൂട്ടറിന്റെയും ക്യാമറയുടെയും സഹായത്തോടെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുന്ന പരിശോധനാ കേന്ദ്രം തുറന്നു.  മോട്ടോർ വാഹന വകുപ്പിന്റെ കാഞ്ഞിരങ്ങാട്ടെ കംപ്യൂട്ടർ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റ് സ്‌റ്റേഷനും വാഹന പരിശോധനാ കേന്ദ്രവും  മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്‌ഘാടനംചെയ്‌തു. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. ജോ. ട്രാൻസ്‌പോർട്ട് കമീഷണർ രാജിവ് പുത്തലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നിർമാണ കരാറുകാരായ ഊരാളുങ്കൽ ഗ്രൂപ്പ് സിഇഒ രവിന്ദ്രൻ കസ്തൂരി, കംപ്യൂട്ടർ ഓപ്പറേഷൻ ചുമതലക്കാരായ കിറ്റ്‌കോ ഗ്രൂപ്പ് എംഡി ജി രാകേഷ് എന്നിവർക്ക്  മന്ത്രി  ഉപഹാരം നൽകി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ടി ഷീബ, പി മുകുന്ദൻ, ടി ജനാർദനൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, വി വി കണ്ണൻ, മുയ്യം ബാലകൃഷ്ണൻ, എൻ വി കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്രാൻസ്‌പോർട്ട് കമീഷണർ ആർ ശ്രീലേഖ സ്വാഗതവും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ ടി സി വിനേഷ് നന്ദിയും പറഞ്ഞു. സൂക്ഷ്‌മപരിശോന നടത്തി വാഹനങ്ങൾക്ക്‌ ഫിറ്റ്‌നസ് നൽകാൻ ജർമനിയിൽനിന്ന്‌ ഇറക്കുമതി  ചെയ്ത ഉപകരണങ്ങളുള്ള പരിശോധനാ കേന്ദ്രമാണിത്. കാഞ്ഞിരങ്ങാട്ടെ 1.74 ഏക്കർ സ്ഥലത്ത് 4.5 കോടി രൂപ ചെലവിലാണ് കേന്ദ്രം ഒരുക്കിയത്. തിങ്കളാഴ്ച മുതൽ  ലേണിങ്‌ ടെസ്റ്റ്, ലൈസൻസ് നൽകൽ എന്നിവ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ നിന്നും കാഞ്ഞിരങ്ങാട്ടേക്ക് മാറും. ടെസ്റ്റ് പാസായാലുടൻ  ലൈസൻസും നൽകും.
 
 
പ്രധാന വാർത്തകൾ
 Top