29 February Saturday

ആശങ്കയുടെ തീയണഞ്ഞു ഗെയിൽ പദ്ധതി റെഡി

പി സുരേശൻUpdated: Saturday Feb 15, 2020
കണ്ണൂർ
ആശങ്കകൾ തെറ്റാണെന്ന്‌ തെളിയിച്ച്‌ ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതി ജില്ലയിൽ പൂർത്തിയാകുന്നു. ഭീതിക്കുപകരം പദ്ധതിയുടെ നേട്ടങ്ങളാണ്‌  ഇപ്പോൾ ചർച്ച. 
പൈപ്പ്‌ ലൈനുമായി  ബന്ധപ്പെട്ട രണ്ട്‌ പരിശോധനകൾകൂടി കഴിയുന്നതോടെ   പദ്ധതി നാടിന്റെ ഭാഗമാകും.  പൈപ്പിനുള്ളിൽ ലോഹാംശമോ മറ്റോയുണ്ടെന്ന്‌ കണ്ടെത്തുന്നതിനുള്ള മാഗ്‌നെറ്റിക്‌ ടിഗ്ഗിങ്ങാണ്‌  ആദ്യത്തേത്‌. പൈപ്പ്‌ ബന്ധിച്ചതിൽ അപാകമുണ്ടോയെന്ന്‌ പരിശോധിക്കുന്ന ഇലക്ട്രോണിക്‌ ടിഗ്ഗിങ്ങളാണ്‌  രണ്ടാമത്തേത്‌. രണ്ട്‌ ദിവസം കഴിഞ്ഞാൽ ഇരുടെസ്‌റ്റുകളും തുടങ്ങും. 
നഷ്ടപരിഹാര വിതരണം പൂർത്തിയാകുന്നു
ജില്ലയിൽ  പ്രകൃതി  വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിക്കും വിളകൾക്കുമുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയാവുകയാണ്‌.  കാർഷിക വിളകളുടെ നഷ്ടപരിഹാര വിതരണം 95 ശതമാനം കടന്നു.   42 കോടി രൂപയാണ്‌ നൽകിയത്‌. ഭൂമിക്കായി അഞ്ചുകോടിയാണ്‌ നൽകേണ്ടത്‌. ഇതിൽ 2.75 കോടി നൽകി.  10 മീറ്റർ വീതിയിലാണ് പൈപ്പിടാൻ സ്ഥലം ഏറ്റെടുത്തത്‌.  ഭൂമിയുടെ  ക്രയവിക്രയത്തിന് തടസ്സമില്ല. വയലിൽ പൈപ്പിട്ട സ്ഥലത്ത്‌  കൃഷി ചെയ്യാനും തടസ്സമില്ല.  കരഭൂമിയിലാണെങ്കിൽ പൈപ്പിട്ടതിന് മുകളിൽ മരം വയ്‌ക്കാൻ പാടില്ല.
ധർമശാലയിൽ പുതിയ ഓഫീസ്‌
പൈപ്പ്‌ ലൈൻ പണി തീർന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കണ്ണൂരിലെ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.പദ്ധതി നടത്തിപ്പിനും അറ്റകുറ്റപ്പണികൾ നടത്തലനുമായി ധർമശാല സെന്റട്രൽ വെയർ ഹൗസിങ്‌ കെട്ടിടത്തിൽ പുതിയ ഓഫീസ്‌ തുറന്നു. ജില്ലയിലെ 53  വില്ലേജുകളിലെ 82 കിലോമീറ്റർ സ്ഥലത്താണ് പൈപ്പിട്ടത്‌.  ബാവുപ്പറമ്പിലെ മേജർ സ്‌റ്റേഷൻ ഉൾപ്പെടെ ആറുസ്‌റ്റേഷനുകളാണുള്ളത്‌. കടവത്തൂർ, ഓലായിക്കര, കൂടാളി, അമ്മാനപ്പാറ, മാത്തിൽ എന്നിവയാണ്‌ വാൾ  സ്‌റ്റേഷനുകകൾ. അറ്റകുറ്റപ്പണികൾ നടത്തുന്നതും  പൈപ്പിന്‌  ചോർച്ചയുണ്ടോയെന്നും പരിശോധിക്കുന്നതും  വാൾ സ്‌റ്റേഷനുകളാണ്‌. 16 കിലോമീറ്റർ ഇടവിട്ടാണ്‌ വാൾ സ്‌റ്റേഷൻ.  100  കിലോമീറ്റർ പരിധിക്കുള്ളിൽ മേജർ സ്‌റ്റേഷൻ. 
സിറ്റി ഗ്യാസ്‌ പദ്ധതി കൂടാളിയിൽ 
വീടുകളിൽ പൈപ്പുവഴി ഗ്യാസ്‌ എത്തിക്കുന്നതാണ്‌ പദ്ധതി വഴിയുള്ള  വലിയ നേട്ടം. കൂടാളിയിലാണിതിന്‌ തുടക്കം. പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലാണ്‌ തുടക്കമിടുക. പൈപ്പഡ്‌ നാച്ചുറൽ ഗ്യാസി (പിഎൻജി)നുപുറമെ  മോട്ടോർ വാഹനങ്ങൾക്ക്‌  കപ്രസ്‌ഡ്‌ നാച്ചുറൽ  ഗ്യാസും (സിഎൻജി)   വിതരണം ചെയ്യാൻ പദ്ധതിയുണ്ട്‌. പാചകവാതകത്തിനേക്കൾ  അപകടസാധ്യത കുറവാണ് പ്രകൃതി വാതകത്തിന്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top