04 June Thursday

റോഡ്‌ സുരക്ഷാ വാരാചരണം തുടങ്ങി ഡ്രൈവിങ്ങിനിടെ ഉറക്കം മാറ്റാനുള്ള കേന്ദ്രം പരിഗണിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ദേശീയ റോഡ്‌സുരക്ഷാ വാരം സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങിൽ അത്യാധുനിക സംവിധാനങ്ങളുള്ള ഇന്റർസെപ്റ്റർ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ട്രാൻസ്‌പോർട്ട്‌ കമീഷണർ ആർ ശ്രീലേഖ തുടങ്ങിയവർ സമീപം.

കണ്ണൂർ
അപകടങ്ങൾ ഒഴിവാക്കാനായി  പ്രധാന റോഡുകളിൽ  ഡ്രൈവർമാർക്ക്‌ ഉറക്കം മാറ്റാനുള്ള  കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  റോഡുകളിൽ നിശ്‌ചിത അകലത്തിൽ വാഹനങ്ങൾ നിർത്തി  ഡ്രൈവർമാർക്ക്‌  ചായയും  കാപ്പിയും നൽകുന്ന  സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌.   ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങിനിടെയുള്ള  അപകടം ഒഴിവാക്കാൻ ഇത്‌ സഹായമാകും. റോഡിൽ അപകടസാധ്യതാ മേഖല ശാസ്‌ത്രീയമായി അടയാളപ്പെടുത്തി മുൻകരുതലൊരുക്കും. കണ്ണൂരിൽ ദേശീയ റോഡ്‌സുരക്ഷാ വാരം  ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 17 ഇന്റർസെപ്റ്റർ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും  ടിങ്കു ടൈഗർ റോഡ്‌ഷോയുടെയും കിറ്റി ഷോയുടെയും  ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
റോഡപകട മരണസംഖ്യ കുറയുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌.  നിരവധി പേർ ജീവിതകാലം മുഴുവൻ പരിക്കിന്റെ പിടിയിൽനിന്ന്‌ മോചിതരാകുന്നില്ല. അപകടം തീരെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യമെങ്കിലും പകുതിയായി കുറക്കാനെങ്കിലും കഴിയണം. കൃത്യമായ പരിശോധന നടത്തിയാൽ മദ്യപിച്ച്‌ വാഹനമോടിക്കുന്നതിന്റെ ഭാഗമായുള്ള അപകടം കുറയ്‌ക്കാം. അമിത വേഗതവും അപകടത്തിന്‌ വഴിവയ്‌ക്കുന്നു. ഇത്തരം കാര്യങ്ങൾ  പരിശോധിക്കാനും കർശന നടപടി സ്വീകരിക്കാനുമുള്ള ഇടപെടൽ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം.  നടപടികളുമായി ബഹുജനങ്ങൾ സഹകരിക്കണം. കടുത്ത നടപടികളെടുക്കേണ്ടി വരുന്നത്‌ ജീവൻ രക്ഷിക്കാനാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.  റോഡ്‌ സുരക്ഷാ കമീഷണർ എൻ ശങ്കർ റെഡ്ഡി റോഡ്‌ സുരക്ഷാ പ്രതിജ്ഞ ചൊല്ലി. മേയർ സുമാ ബാലകൃഷ്‌ണൻ,  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, കലക്ടർ ടി വി സുഭാഷ്‌, ജില്ലാ പൊലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര എന്നിവർ സംസാരിച്ചു. ഗതാഗത കമീഷണർ ആർ ശ്രീലേഖ സ്വാഗതവും ജോയിന്റ്‌ കമീഷണർ  രാജീവ്‌ പുത്തലത്ത്‌ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top