03 August Tuesday
കണ്ണൂർ മറക്കില്ല

ചോറിലേക്ക്‌ ചിതറിയ ചോര

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
കണ്ണൂർ
കണ്ണൂർ നഗരത്തെ നടുക്കിയ രാഷ്‌ട്രീയ കൊലപാതകത്തിന്‌ 29 വർഷം തികയുന്ന  കറുത്ത ദിനമാണിന്ന്‌. 1992 ജൂൺ 13ന് നട്ടുച്ചയ്‌ക്കാണ്‌  ക്രിമിനൽ രാഷ്‌ട്രീയ നേതാവിന്റെ നിർദേശ പ്രകാരം  കണ്ണൂർ സേവറി ഹോട്ടലിൽ ബോംബെറിഞ്ഞ്  കെ നാണുവിനെ  കൊന്നത്. ഭക്ഷണം കഴിക്കാനിരുന്നവരുടെ ഇലകളിൽ ചോറിനും കറികൾക്കുമൊപ്പം നാണുവിന്റെ ചുടുനീണവുമൊഴുകി.  ഡിസിസി ഓഫീസിൽ  നേതാവ്‌ പോറ്റിവളർത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്‌. നാണുവധത്തിനുശേഷം  കൊലയാളിസംഘം തിരിച്ചുപോയതും ഡിസിസി ഓഫീസിലേക്ക്‌.    
1992–-93 കാലത്താണ്‌ കോൺഗ്രസ്‌ നേതാവിന്റെ ക്വട്ടേഷൻ സംഘം ഭീകരമായ അക്രമപരമ്പരകളുമായി കണ്ണൂർ ജില്ലയിലെങ്ങും ഭീതിവിതച്ചത്. ‘92 ജൂൺ പത്തിന്‌ പട്ടാപ്പകൽ ചൊവ്വ സഹകരണ റൂറൽ ബാങ്കിൽ കടന്നുചെന്ന അക്രമികൾ ജീവനക്കാരനും സിപിഐ എം പ്രവർത്തകനുമായ സി  വിനോദിനെ  വെട്ടിനുറുക്കി. ഇതിന്റെ നടുക്കം മാറുംമുമ്പ്‌ 12ന്‌ കണ്ണൂർ കോ–- ഓപ്പറേറ്റീവ് പ്രസ്സിൽ ജീവനക്കാരൻ വി  പ്രശാന്തിനെ കൊല്ലാക്കൊല ചെയ്‌തു‌.  സർവാദരണീയ കമ്യൂണിസ്‌റ്റ്‌ നേതാവും മുൻ പെരളശേരി പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന പി അനന്തന്റെ മകനാണ്‌ പ്രശാന്ത്‌. തൊട്ടടുത്ത ദിവസമായിരുന്നു അക്രമിസംഘം സേവറി ഹോട്ടലിലേക്ക്‌ ഇരച്ചുകയറി ബോംബെറിഞ്ഞത്‌. 
1993 മാർച്ച് നാലിന് മട്ടന്നൂരിൽ നാൽപ്പാടി വാസുവിനെ വെടിവച്ചുകൊന്ന സംഭവം ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന്‌  നേരിട്ട് പങ്കുള്ളതാണ്. പരേതനായ മുൻ എംഎൽഎ  ടി കെ ബാലന്റെ വീടിന്‌ ബോംബെറിഞ്ഞത് 1993 മെയ് 15ന്‌‌. ഭാര്യക്ക്‌ ഗുരുതര പരിക്കേറ്റു. മകൻ ഹിതേഷിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു.  
അക്രമപരമ്പരയിലെ ഏറ്റവും കുടിലമായ ഏടാണ്‌ 1995 ഏപ്രിൽ 12ന്‌ സിപിഐ എം  ജില്ലാ സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായിരുന്ന ഇ പി ജയരാജനുനേരെ രാജധാനി എക്‌സ്‌പ്രസിലുണ്ടായ വധശ്രമം. പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നീ ആർഎസ്എസ്‌ ക്രിമിനലകളെ പണവും തോക്കും നൽകി അയച്ച കോൺഗ്രസ്‌ നേതാവിന്റെ മുഖ്യ ‘ടാർജറ്റ്‌’ പിണറായി വിജയനായിരുന്നുവെന്നത്‌ രഹസ്യമല്ല.  രഹസ്യങ്ങൾ വിളിച്ചുപറഞ്ഞ ഗുണ്ടാസംഘാംഗം നടാലിലെ മനോഹരന്റെ ജഡം ഒരുനാൾ റെയിൽവേ ട്രാക്കിൽ ചിതറിക്കിടന്നു. ഡിസിസി അംഗമായിരുന്ന പുഷ്പരാജിന്റെ  കാലുകൾ  തല്ലിയൊടിച്ചതിനുപിന്നിലെ യഥാർഥവില്ലൻ ആരെന്നതും സുവ്യക്തം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top