26 August Monday

ഇത‌് കണ്ണാരംകുന്നിലെ അക്ഷയപാത്രം

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Monday May 13, 2019

കണ്ണാരംകുന്നിലെ കിണർ

ഇരിട്ടി
പായം പഞ്ചായത്തിലെ ഉദയഗിരി കണ്ണാരംകുന്ന‌് പ്രദേശം സമുദ്രനിരപ്പിൽനിന്ന‌് ഏതാണ്ട‌് 2000 അടിയെങ്കിലും ഉയരത്തിലാണ‌്. മഴക്കാലത്ത‌് മലമുകളിൽനിന്ന‌് വെള്ളം കുലംകുത്തി ഒഴുകുമെങ്കിലും വേനൽകാലത്ത‌് വരണ്ടുണങ്ങും. എന്നാൽ ഇത്തവണ വേനൽ കത്തിക്കാളുമ്പോഴും ഈ കുന്നിൻ പ്രദേശത്തെ പഞ്ചായത്ത‌് കിണറിൽ കുടിവെള്ളം സുലഭം. രണ്ട‌‌ുവർഷം  മുമ്പുവരെ ഇങ്ങനെയായിരുന്നില്ല സ്ഥിതി. വേനൽക്കാലമെത്തിയാൽ കിണറിൽ ഒരു തുള്ളി വെള്ളമുണ്ടാവില്ല. കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടം ഓടണം. എന്നാലിപ്പോൾ കണ്ണാരംകുന്നിലെ വീട്ടുകാർക്കിപ്പോൾ ജലപ്പേടിയില്ല. അവരുടെ പൊതുകിണറിൽ ഒന്നരകോലോളം വെള്ളമുണ്ട‌്. വേനൽ കടുക്കുമ്പോൾ കിണറിൽനിന്ന‌് വെള്ളം വലിച്ചെടുക്കും. അല്ലാത്തപ്പോൾ മോട്ടോർ ഉപയോഗിച്ചും എടുക്കാറുണ്ട‌്.
കണ്ണാരംകുന്നിലെ 22 കോൽ മാത്രം ആഴമുള്ള കിണർ ഒരുഅക്ഷയപാത്രംപോലെ വെള്ളം ചുരത്താൻ തുടങ്ങിയതിന‌് പിന്നിലൊരു കഥയുണ്ട‌്. പായം പഞ്ചായത്ത‌് പ്രസിഡന്റ‌് എൻ അശോകൻ അത‌ിനെകുറിച്ചു പറയുന്നതിങ്ങനെ: ഈ പ്രദേശത്ത‌് ഡിസംബറിൽ വെള്ളം വറ്റും. അതിനുശേഷം ഒരുപാട‌് ദൂരംതാണ്ടിയാണ‌് ഇവിടെയുള്ളവർ വെള്ളം കൊണ്ടുവരുന്നത‌്. പഞ്ചായത്തിൽ ഇതുപോലെ കുടിവെള്ളം കിട്ടാത്ത കുന്നിൻ പ്രദേശങ്ങൾ വേറെയുമുണ്ട‌്. അതിന‌് പരിഹാരം തേടി 2017 ആഗസ‌്തിൽ ഭൂഗർഭജല വകുപ്പുദ്യോഗസ്ഥരടക്കമുളള  വിദഗ‌്ധരെ പങ്കെടുപ്പിച്ച‌് ജല പാർലമെന്റ‌് ചേർന്നു. പ്രദേശങ്ങളിലെ കിണറുകൾ റീചാർജ‌് ചെയ്യുക മാത്രമാണ‌് പോംവഴിയെന്ന അഭിപ്രായമാണ‌് ഉയർന്നത‌്. അതിനായി ഭൂഗർഭജലം വർധിപ്പിക്കണം. ജില്ലാ പഞ്ചായത്തിന്റെ  ‘ജലസുലഭം’ പദ്ധതിയും എൻആർഇജി തൊഴിലാളികളുടെ സേവനവും ചേർന്നതോടെ പഞ്ചായത്ത‌് കിണറിന‌് 20 മീറ്റർ ചുറ്റളവിൽ നിരവധി മഴക്കുഴികളെടുത്തു. സമീപത്തെ ഭൂമി തട്ടായി തിരിച്ചു. മഴവെള്ളം ഭൂമിക്കടിയിലേക്ക‌് താഴ്ന്നുതുടങ്ങി. ഒപ്പം 18 കോൽ ആഴമുള്ള കിണറിൽ ആറടി താഴ‌്ചയിൽ റിങ്ങിട്ടു. 
പായം പഞ്ചായത്തിൽ പുതുശേരി തവിടൂർ കുന്ന‌്, മലപൊട്ട‌് കല്ലംമാരിക്കുന്ന‌്, വിളമന വട്ടിയങ്ങാട‌്‌ ലക്ഷംവീട‌് കോളനി എന്നിവിടങ്ങളിലൊക്കെ മഴക്കുഴികളിലൂടെ കിണറുകളിലെ  ജലക്ഷാമം പരിഹരിക്കാനായി. കൂടാതെ പായം പഞ്ചായത്തിലൂടെ ഒഴുകുന്ന ബാരാപുഴ–- ബാവലിപുഴകളിൽ  തടയിണകൾ നിർമിച്ചു. അതോടെ പഞ്ചായത്ത‌് പ്രദേശങ്ങളിൽ ജലക്ഷാമം നന്നായി കുറയ‌്ക്കാനായതായി പഞ്ചായത്ത‌് പ്രസിഡന്റ‌് പറയുന്നു.
പ്രധാന വാർത്തകൾ
 Top