22 August Thursday

വിജയഭേരി മുഴക്കി അങ്കത്തട്ടിൽ

സജീവൻ ചോറോട‌്Updated: Saturday Apr 13, 2019
വടകര
കടത്തനാടൻ അങ്കത്തട്ടിൽ വിജയഭേരി മുഴക്കി പി ജയരാജന്റെ മൂന്നാംഘട്ട പര്യടനം. കള്ളച്ചൂതും കപടരാഷ‌്ട്രീയവും വടകരയുടെ മണ്ണിൽ വിലപ്പോകില്ലെന്ന താക്കീതാണ‌് സ്വീകരണ കേന്ദ്രങ്ങളിലേക്ക‌് ഒഴുകിയെത്തിയ വൻ ജനാവലി നൽകിയത‌്. നേരിന്റെയും നന്മയുടെയും പക്ഷത്ത‌് നിലയുറപ്പിച്ച സ്ഥാനാർഥി പര്യടനം റെക്കോഡിലേക്ക‌്. 
 ഇതിനകം നാനൂറോളം കേന്ദ്രങ്ങളിൽ ആയിരക്കണക്കിന‌് വോട്ടർമാരെയാണ‌് സ്ഥാനാർഥി നേരിൽ കണ്ട‌് വോട്ട‌് അഭ്യർഥിച്ചത‌്. വെള്ളിയാഴ‌്ച രാവിലെ  സഹോദരി പി സതീദേവിയുടെ ചോറോട്ടെ വീടിന‌് ചുറ്റുമുള്ളവരെ കണ്ട‌് വോട്ട‌് അഭ്യർഥിച്ചായിരുന്നു തുടക്കം. വടകര ജില്ലാ  ആശുപത്രി, ആയുർവേദ ആശുപത്രി, കടത്തനാട‌് വീവേഴ‌്സ‌് സൊസൈറ്റി എന്നിവിടങ്ങളിലെ  സന്ദർശനത്തിന‌് ശേഷം വൈകിട്ടോടെ ഓർക്കാട്ടേരി വേങ്ങോളിത്താഴയിലെ സ്വീകരണ കേന്ദ്രത്തിലെത്തി. 
വടകരയിലെ പര്യടനം വേങ്ങോളിത്താഴയിൽ എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വർഗീസ‌് ജോർജ‌് ഉദ‌്ഘാടനം ചെയ‌്തു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ‌്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞു. രാമത്ത‌് മീത്തൽ ഷീജ–- ദിനേശൻ ദമ്പതികളുടെ മകൻ സൂര്യകിരണും കൂട്ടുകാരും സ്ഥാനാർഥിയെ  പൂക്കൾ നൽകി വരവേറ്റു. തുടർന്ന‌് സുകുമാരന്റെ പീടിക പ്രദേശത്ത‌് എത്തിയതോടെ നിഹാര, ആൽവിക തുടങ്ങിയ കൂട്ടുകാരും സ്ഥാനാർഥിക്ക‌് ഹാരാർപ്പണം നടത്തി. 
എൽഡിഎഫിനെ തകർക്കാൻ യുഡിഎഫ‌് നേതൃത്വത്തിൽ ആസൂത്രിത കടന്നാക്രമണങ്ങൾ അരങ്ങേറിയ കുന്നുമ്മക്കരയിൽ പര്യടനം എത്തിയതോടെ റോഡും പരിസരവും ജനനിബിഡമായി. അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെ സമരസ‌്മൃതികൾ ഇരമ്പുന്ന മണ്ണിലേക്ക‌് ജനം ഒഴുകിയെത്തുകയായിരുന്നു. ചിത്രകാരൻ ദീപേഷ‌് വരച്ച പോരാളിയായ പി ജയരാജന്റെ ചിത്രം ചടങ്ങിൽ സമ്മാനിച്ചു.  
മൂന്നാംഗേറ്റിലെ സ്വീകരണ കേന്ദ്രത്തിൽ എഴുപതുകാരിയായ കല്ലേരിന്റവിട റാബിയ സ്ഥാനാർഥിയെ ഏറെനേരം കാത്തുനിന്ന‌ാണ‌് വിജയാശംസ നേർന്നത‌്. ആദ്യകാല പാർടി പ്രവർത്തകൻ വലിയപറമ്പത്ത‌് രവീന്ദ്രൻ പാവങ്ങളുടെ പടത്തലവൻ എകെജിയുടെ ഛായാപടം പി ജയരാജന‌് സമ്മാനിച്ചാണ‌് സ‌്നേഹം പങ്കുവച്ചത‌്. 
ബാൻഡ‌് വാദ്യവും ചെണ്ടമേളവും പടക്കം പൊട്ടിച്ചും ഉത്സവ പ്രതീതിയായിരുന്നു എങ്ങും. കോൺഗ്രസ‌് കൂടാരത്തിൽ നിലയുറപ്പിച്ച ആർഎംപിയുടെ നടപടിയിൽ പ്രതിഷേധിച്ച‌് ആർഎംപി വിട്ട നിരവധി പ്രവർത്തകർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത‌് ആവേശമായി. 
പര്യടന കേന്ദ്രങ്ങളിൽ സ്ഥാനാർഥിയുടെ കാര്യമാത്രപ്രസക്തമായ ചെറു പ്രസംഗം കൂടിനിന്നവർ ശ്രദ്ധയോടെ ചെവിയോർത്തു. മാഹി റെയിൽവേ സ‌്റ്റേഷന‌് സമീപം കക്കടവിൽ ജാഥയെ സ്വീകരിക്കാൻ നൂറ‌് കണക്കിനാളുകളാണ‌് എത്തിച്ചേർന്നത‌്. കൊച്ചു കൂട്ടുകാർ റോസാപ്പൂ നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. വ്യക്തിഹത്യ നടത്തിയും അപവാദം പ്രചരിപ്പിച്ചും വോട്ടർമാരിൽ തെറ്റിദ്ധാരണ പടർത്താമെന്ന യുഡിഎഫ‌് വ്യാമോഹം തകർന്നടിയുന്ന കാഴ‌്ചയാണ‌് നാടെങ്ങും. 
തെളിവാർന്ന രാഷ‌്ട്രീയം, സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും എംപിയായി തെരഞ്ഞടുത്താൽ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക‌്  നേതൃത്വം നൽകുമെന്ന ഉറപ്പും വോട്ടർമാർ ഹൃദയത്തോട‌് ചേർത്ത‌ുവയ‌്ക്കുകയാണ‌്. 
ഒഞ്ചിയം, ഒഞ്ചിയം സ‌്കൂൾ പരിസരം, നാദാപുരം റോഡ‌് എന്നിവിടങ്ങളിൽ എത്തിയതോടെ സ്വീകരണ കേന്ദ്രങ്ങളിൽ പൊതുസമ്മേളനത്തിന്റെ ആൾക്കൂട്ടമായി. മീത്തലങ്ങാടി, വടകര കുരിയാടി, വടകര തെരു, മാങ്ങോട്ട‌്പാറ, ക്രാഷ‌് മുക്ക‌്, അറക്കിലാട‌്, കുറുമ്പ, പാക്ക നടോൽ, കറുക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക‌് ശേഷം കരിമ്പനയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് നേതാക്കളായ പി കെ ദിവാകരൻ, മനയത്ത‌് ചന്ദ്രൻ, സി ഭാസ‌്കരൻ, ഇ പി ദാമോദരൻ, എ ടി ശ്രീധരൻ, ഇ കെ സജിത്ത‌്, ആർ സത്യൻ, കെ ശ്രീധരൻ, ടിപി ബിനീഷ‌്, എടയത്ത‌് ശ്രീധരൻ, ആർ ഗോപാലൻ, ടി എൻ കെ ശശീന്ദ്രൻ, പി ശ്രീധരൻ, പി സത്യനാഥൻ, ടി വി ബാലകൃഷ‌്ണൻ, വിമല കളത്തിൽ,  പി സോമശേഖരൻ, വി ഗോപാലൻ എന്നിവർ സംസാരിച്ചു. തലശേരി എൻജിനിയറിങ്‌ കോളേജിലും വോട്ടഭ്യർത്ഥിക്കാനായി പി ജയരാജൻ എത്തി.
പ്രധാന വാർത്തകൾ
 Top