13 December Friday

നൂറുമേനിക്കായി വിദ്യാർഥി പീഡനം

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2019

കണ്ണൂർ

എസ്‌എസ്‌എൽസിക്ക്‌ നൂറുശതമാനം വിജയം നേടാനായി ചില എയ്‌ഡഡ്‌ സ്‌കൂൾ അധികൃതരുടെ സമ്മർദം പീഡനങ്ങളിലേക്ക്‌ വഴിമാറുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുകച്ച്‌ പുറത്തുചാടിക്കാനുള്ള  ‘സൂത്രവിദ്യ’കൾ അതിരുകടക്കുന്നതായാണ്‌ പരാതി. പഠനവൈകല്യമുള്ള കുട്ടികളെയടക്കം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്‌.   സ്‌കൂൾ കുട്ടികളുടെയിടയിൽ  ആത്മഹത്യാപ്രവണതയുണ്ടാകുന്ന സാഹചര്യത്തിൽപ്പോലും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ്‌ ചില സ്‌കൂളുകൾ. 
കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്‌ക്കിരുത്തി നൂറുമേനി നേടുന്ന ചില സ്‌കൂളുകളെക്കുറിച്ച്‌ നേരത്തെയും  പരാതി ഉയർന്നിരുന്നു. പത്താം ക്ലാസിൽനിന്ന്‌ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ്‌ വാങ്ങുന്നത്‌  പരാതിക്കിടയാക്കുമെന്നതിനാൽ ഒമ്പതാം ക്ലാസിലാണ്‌ ഇത്തരം സ്‌കൂളുകളുടെ സ്‌ക്രീനിങ്.  പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ  രക്ഷിതാക്കളെ വിളിച്ച്‌ ടിസി വാങ്ങാൻ നിർബന്ധിക്കും.  പരാതികളുയർന്നിരുന്നതിനാൽ അടുത്തകാലത്തായി ഇത്‌ കുറഞ്ഞിരുന്നു.  എന്നാലിപ്പോൾ കുട്ടികളെ മാനസികമായി പീഡിപ്പിച്ച്‌ സ്‌കൂളിൽനിന്ന്‌  പുറത്താക്കാനുള്ള ശ്രമമാണ്‌  പലയിടത്തും നടക്കുന്നത്‌. എട്ടാം ക്ലാസിൽ കുട്ടികളുടെ പഠനനിലവാരം നോക്കി മോശമാണെങ്കിൽ ഒമ്പതാം ക്ലാസിൽ മാനസിക പീഡനം തുടങ്ങും.   ചില എയ്‌ഡഡ്‌ സ്‌കൂൾ  മാനേജ്‌മെന്റിന്റെ  നിർദേശപ്രകാരമാണ്‌ വിദ്യാർഥികളെ  പീഡിപ്പിക്കുന്നത്‌. അധ്യാപക രക്ഷാകർതൃസമിതിയും ഇതിന്‌  ഇത്തരം നിയമവിരുദ്ധ–- മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്ക്‌ കൂട്ടുനിൽക്കുന്നു.  മണിക്കൂറുകളോളം  വെയിലത്ത്‌ നിർത്തുന്നതടക്കമുള്ള ശിക്ഷാവിധികളാണ്‌ അരങ്ങേറുന്നത്‌. കഴിഞ്ഞ ദിവസം ജില്ലയിലെ പ്രമുഖ എയ്‌ഡഡ്‌ സ്‌കൂളിൽനിന്നും കുട്ടിക്ക്‌ വിടുതൽ വാങ്ങി സർക്കാർ സ്‌കൂളിലേക്ക്‌ പോകേണ്ടിവന്നു. ഹെഡ്‌മാസ്‌റ്ററുടെ നിരന്തര പീഡനത്തിന്റെ ഫലമായി ഈ കുട്ടി പഠനംതന്നെ നിർത്തുമെന്ന അവസ്ഥ വന്നതോടെയാണ്‌ രക്ഷിതാക്കൾ മാറ്റിച്ചേർത്തത്‌. 
സർക്കാർ സ്‌കൂളുകൾ രാത്രിയിലും രാവിലെയുമടക്കം പ്രത്യേക പരിശീലനമേർപ്പെടുത്തിയാണ്‌ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലെത്തിക്കുന്നത്‌. പിടിഎയും നാട്ടുകാരും കുട്ടികൾക്ക്‌ ഭക്ഷണമടക്കം നൽകിയാണ്‌ പരിശീലനം. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മികച്ച വിജയം നേടുന്ന എയ്‌ഡഡ്‌ സ്‌കൂളുകളും നിരവധി. ഇത്തരം സ്‌കൂളുകളെ വിട്ട്‌ നൂറുമേനിയുടെ പകിട്ടിന്റെ പിന്നാലെയോടുന്ന രക്ഷിതാക്കളും കുട്ടികളുമാണ്‌  കുരുക്കിലാകുന്നത്‌. പീഡനം പരിധിവിടുമ്പോൾ പരാതി പോലും പറയാതെ  പലരും മറ്റ്‌ സ്‌കൂളുകളിലേക്ക്‌ പോകാൻ നിർബന്ധിക്കപ്പെടുന്നു.  കുട്ടിക്ക്‌ ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പേടിച്ചാണ്‌ പലരും പരാതി നൽകാതിരിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top