13 December Friday

ഇളം മനസ്സിൽ കൃഷിചിന്ത ‘മുളപ്പിച്ച്‌’ രാഘവൻ മാഷ്‌

ജ്യോതിഷ്‌ ബാലകൃഷ്‌ണൻUpdated: Tuesday Nov 12, 2019

രാഘവൻ മാഷും കുട്ടികളും സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിൽ

ശ്രീകണ്ഠപുരം
ചെങ്കൽ നിറമുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ വിളഞ്ഞ് നിൽക്കുന്ന മുഴുത്ത വഴുതനയും  വെള്ളരിയും പൊൻകതിർ ചൂടി നിൽക്കുന്ന നെല്ലും പയറുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് നിടിയേങ്ങ ഗവ. യുപി സ്കൂൾ പരിസരം. സ്കൂളിലെ ഇടവേള സമയത്ത്‌  കുട്ടികൾ ഓടി എത്തുന്നത് ഈ തോട്ടത്തിലേക്ക്‌. കൃഷിക്കാവശ്യമായ വെള്ളവും വളപ്രയോഗങ്ങളും നടത്തിയുള്ള പരിചരണവുമെല്ലാം ഇവർക്ക് ഇന്ന് സുപരിചിതമാണ്.  കുട്ടികൾക്ക് കൃഷിയുടെ ബാലപാഠം പകർന്ന് നൽകി അവരിൽ കാർഷികാഭിരുചി വളർത്തുന്നതിൽ  അധ്യാപകൻ രാഘവൻ മാഷ് എന്നും ഒപ്പമുണ്ട്‌. പഠിപ്പിച്ച എല്ലാ സ്കൂളുകളിലെയും കുട്ടികളുടെ മനസ്സിലും ചിന്തയിലും കൃഷിയുടെ വിത്തുകൾ മുളപ്പിച്ചാണ് ഈ അധ്യാപകൻ മടങ്ങാറുള്ളത്. 
നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പിക്കുമ്പോൾ രണ്ടു വർഷവും ജില്ലാ തലത്തിൽ സംസ്ഥാന സർക്കാറിന്റെ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. തുടർന്ന് പയ്യാവൂർ ഗവ. യുപി സ്കൂൾ മുറ്റത്ത് ഗ്രോബാഗിൽ നെൽകൃഷി ഉൾപ്പെടെ ചെയ്ത്‌ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. രാഘവൻ മാഷിന്റെ കൃഷിപാഠം ഉൾക്കൊണ്ട് പയ്യാവൂർ സ്കൂളിലെ  ആൻസൺ രാജു വീട്ടുപറമ്പിൽ നിർമിച്ച കൃഷിത്തോട്ടത്തിലൂടെ പയ്യാവൂർ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേടി. ഉപയോഗശൂന്യമായ ഫ്ലക്സ് ഷീറ്റിൽ ഒരുക്കിയ നെൽകൃഷിയും കുട്ടി കർഷക അവാർഡും പയ്യാവൂർ സ്കൂളിലെ വേറിട്ട അനുഭവമായിരുന്നു മാഷിന്. ഇപ്പോൾ നിടിയേങ്ങ ഗവ. യുപി സ്കൂളിലെ പാറകൾ നിറഞ്ഞ പറമ്പിൽ  ശ്രീകണ്ഠപുരം കൃഷിഭവന്റെ സഹകരണത്തോടെ ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടമാണ്  മാതൃകയായത്. രണ്ടു വർഷമായി പാറപ്പുറത്ത് പച്ചക്കറിത്തോട്ടത്തിൽ ശീതകാല പച്ചക്കറി ഉൾപ്പെടെ തഴച്ച് വളരുന്നു.
വെള്ളരി, പയർ, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ വിളഞ്ഞ് നിൽക്കുന്നു.  കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിന്‌ വിഷരഹിത പച്ചക്കറി നൽകാൻ കഴിയുന്ന സന്തോഷത്തിലാണ് മാഷും. രാവിലെയും വൈകിട്ട്‌ നാലിനുശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷി പരിപാലനം. സ്വന്തമായി സ്ഥലവും വീടുമില്ലാതിരുന്ന പയ്യാവൂർ സ്കൂളിലെ മൂന്നു കുട്ടികൾക്കും അവരുടെ രോഗബാധിതനായ അച്ഛനും സ്വന്തമായി  വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിൽ  പ്രവർത്തിച്ചതും രാഘവൻ മാഷുതന്നെ.
പ്രധാന വാർത്തകൾ
 Top