20 April Saturday

വർഗീയ തീവ്രവാദ ശക്തികൾക്കെതിരെ പ്രതിഷേധം ജ്വലിപ്പിച്ച‌് സാംസ‌്കാരിക സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

എസ‌്എഫ‌്ഐ സംഘടിപ്പിച്ച വർഗീയ തീവ്രവാദ വിരുദ്ധ സാംസ‌്കാരിക സംഗമം ടി പത‌്മാനാഭൻ ഉദ‌്ഘാടനം ചെയ്യുന്നു

കണ്ണൂർ
നാടറിയുന്ന എഴുത്തുകാർ, ചിത്രകാരന്മാർ, ചലച്ചിത്രപ്രവർത്തകർ, വിദ്യാർഥികൾ... അഭിമന്യുവിന്റെ ഓർമകൾ നെഞ്ചേറ്റി പുരോഗമന കലാസാഹിത്യസംഘവും എസ്എഫ്ഐയും ചേർന്നൊരുക്കിയ വർഗീയ‐ തീവ്രവാദ വിരുദ്ധ സാംസ്കാരിക സംഗമം ഉജ്വല പ്രതിഷേധ കൂട്ടായ്മയായി മാറി. അഭിമന്യുവിന്റെ രക്തസാക്ഷിത്വമുളവാക്കിയ വികാരവായ്പിനപ്പുറം ധീരനായ ആ വിദ്യാർഥി നേതാവിനെ കുത്തിമലർത്തിയ വർഗീയ‐ തീവ്രവാദ ശക്തികൾക്കെതിരായ രോഷാഗ്നിയാണ് സംഗമത്തിലുയർന്നത്. ക്യാമ്പസിനെയും പൊതുസമൂഹത്തെയും ആഞ്ഞുകൊത്താനോങ്ങിനിൽക്കുന്ന വർഗീയ‐ തീവ്രവാദ വിഷപ്പല്ലുകൾ പിഴുതെറിയുമെന്ന് സംഗമത്തിൽ പങ്കെടുത്ത സാംസ്കാരിക പ്രവർത്തകർ ഏകസ്വരത്തിൽ പ്രതിജ്ഞചെയ്തു. 
ശിക്ഷക്സദനിൽ നടന്ന സംഗമം കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മാരീച വേഷമണിഞ്ഞ് മതവർഗീയ ശക്തികൾ നടത്തുന്ന നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞില്ലെങ്കിൽ ഇതിലും വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തെ, ഇടതുപക്ഷ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കാൻ തന്നെയാണ് അഭിമന്യുവിന്റെ ഘാതകർ ലക്ഷ്യമിട്ടതെന്ന് കരിവെള്ളൂർ മുരളി പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ പി അൻവീർ അധ്യക്ഷനായി. ഇ പി രാജഗോപാലൻ, ഡോ. എ കെ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും സംസാരിച്ചു. നാരായണൻ കാവുമ്പായി പ്രമേയം അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം കെ മനോഹരൻ സ്വാഗതവും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷിബിൻ കാനായി നന്ദിയും പറഞ്ഞു. വർഗീയത തുലയട്ടെ എന്നാലേഖനം ചെയ്ത കൂറ്റൻ ബാനറിൽ ടി പത്മനാഭൻ അടക്കമുള്ളവർ ഒപ്പിട്ടാണ് സംഗമത്തിനു തുടക്കമായത്. 
കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ, ടി പി വേണുഗോപാലൻ, കെ കെ രമേഷ്, പ്രമോദ് വെള്ളച്ചാൽ, എ വി അജയകുമാർ, കെ ടി ബാബുരാജ്, സുരേഷ്ബാബു ശ്രീസ്ഥ, മാധവൻ പുറച്ചേരി, ഇ എം ഹാഷിം, മഹമൂദ് പറശ്ശിനി, രവീന്ദ്രൻ കൊടക്കാട്, ഷെറി, പയ്യന്നൂർ കുഞ്ഞിരാമൻ, ടി ദീപേഷ്, വർഗീസ് കളത്തിൽ, അഴീക്കോടൻ ചന്ദ്രൻ, എ നിശാന്ത്, പി കെ ബൈജു, കെ വി പ്രശാന്ത് കുമാർ, പി വി ബാലൻ, പത്മനാഭൻ കാമ്പുമ്പായി, കെ ബാലചന്ദ്രൻ, സി വി സലാം, ജിനേഷ്കുമാർ എരമം, എം എം അനിത, സി പി ഷിജു, ടി വി എം ഷീമ, കെ ശ്രീജിത്ത്, ഇ കെ ദൃശ്യ എന്നിവരും സംബന്ധിച്ചു.
 
 
പ്രധാന വാർത്തകൾ
 Top