25 July Sunday

നൂറുദിനത്തിൽ 
കണ്ണൂരിനും കൈനിറയെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
കണ്ണൂർ
എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കണ്ണൂരിനും പദ്ധതികളേറെ. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെയാണ്‌ നൂറുദിന പരിപാടിയിൽ പദ്ധതികൾ നടപ്പാക്കുക. നിർമാണത്തിലുള്ളവയുടെ പൂർത്തീകരണവും പുതിയ പദ്ധതികളുടെ തുടക്കവുമടക്കം അടിസ്ഥാന മേഖലകളിൽ സർവതലസ്‌പർശിയായ വികസനത്തിനാണ്‌ നൂറുദിനപരിപാടി ലക്ഷ്യമിടുന്നത്‌. പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും ജില്ലയ്‌ക്ക്‌ ഏറെ ഗുണമാകും.   കിഫ്‌ബിയിൽ ഉൾപ്പെടുത്തി  സ്‌കൂളുകൾ നവീകരിക്കുന്നതിന്റെ പൂർത്തീകരണവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 
156.33 കോടി ചെലവിൽ നിർമാണം നടക്കുന്ന തലശേരി കള റോഡും 209.68 കോടി ചെലവിൽ നവീകരിച്ച കളറോഡ് വളവുപാറ റോഡും നൂറുദിനപരിപാടിയിലുൾപ്പെടുത്തി ഉദ്‌ഘാടനം ചെയ്യും. തലശേരിയിൽനിന്ന്‌ ബംഗളൂരുവിലേക്കുള്ള അന്തർ സംസ്ഥാന പാതയിലുൾപ്പെട്ടതാണ്‌ ഈ രണ്ട്‌ റോഡുകളും. നിരവധി തവണ മുടങ്ങിയ ഈ റോഡ്‌ പദ്ധതി എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ പുനരാരംഭിച്ചതും പൂർത്തീകരണത്തിലെത്തിച്ചതും. കരാറുകാർ ഉപേക്ഷിച്ചുപോയ പദ്ധതിയെ കൃത്യമായ ആസൂത്രണവും നിരന്തര ഇടപെടലും നടത്തിയാണ്‌ പൂർത്തിയാക്കുന്നത്‌. 
കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജ് ഇൻഡോർ സ്റ്റേഡിയം നൂറുദിനത്തിലുൾപ്പെടുത്തി ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ, ഗവ. പോളിടെക്നിക്‌, പയ്യന്നൂർ വനിതാ പോളിടെക്നിക്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ നിർമാണം പൂർത്തീകരിച്ച് തുറക്കും.
തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് ബംഗ്ലാവിൽ ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും.
ആറളം ഫാം പുനരുദ്ധാരണത്തിന് ഫാം റിവൈവൽ പാക്കേജ് ആരംഭിക്കും. ആറളത്തെ ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നതുമായിരിക്കും പാക്കേജ്‌. 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റും നൂറുദിനത്തിനുള്ളിൽ ആരംഭിക്കും. 
നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നൽകുന്നതിനുള്ള കാവൽ പ്ലസ് പദ്ധതി ജില്ലയിലേക്ക് വ്യാപിപ്പിക്കും.
കണ്ണൂരിലെ ഫുട്ബോൾ അക്കാദമി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top