20 June Thursday

സേനയിൽ പ്രതിഷേധം ശക്തം പൊലീസ‌് ഹെഡ‌് ക്വാർട്ടേഴ‌്സിൽ മിന്നൽ പരിശോധന

സ്വന്തം ലേഖകൻUpdated: Sunday May 12, 2019
കണ്ണൂർ
പൊലീസ‌് ആസ്ഥാനത്തിന‌് മൂക്കിനു താഴെ  ഡിസ‌്ട്രിക്ട‌് ഹെഡ‌്ക്വാർട്ടേഴ‌്സിൽ തലശേരി എഎസ‌്പിയുടെ മിന്നൽ പരിശോധന.  കോർട്ട‌് മാർഷൽ ഓഫീസ‌് മുതൽ കക്കൂസ‌് വരെ പരിശോധിച്ചശേഷം മാലിന്യം കത്തിക്കുന്ന സ്ഥലംവരെ കുത്തിചികഞ്ഞശേഷമാണ‌് എഎസ‌്പി അരവിന്ദ‌് സുകുമാർ ശനിയാഴ‌്ച രാത്രി എട്ടോടെ  മടങ്ങിയത‌്. എന്നാൽ ഒന്നും കണ്ടെത്താനായില്ല. 
അപ്രതീക്ഷിത റെയ‌്ഡിന്റെ കാരണമറിയാതെ കുഴങ്ങിയ ഡിസ‌്ട്രിക്ട‌് ഹെഡ‌്ക്വാർട്ടേഴ‌്സിലെ പൊലീസുകാർ തൊട്ടുപിന്നാലെവന്ന ചില മാധ്യമങ്ങളുടെ ഫോൺ വിളികളിൽനിന്നാണ‌് കാര്യമറിഞ്ഞത‌്.  പൊലീസുകാരുടെ തപാൽ വോട്ടുമായി ബന്ധപ്പെട്ട‌് ജില്ലാ പൊലീസ‌് മേധാവിയുടെ നിർദേശാനുസരണമായിരുന്നു റെയ‌്ഡ‌് എന്നായിരുന്നു മാധ്യമങ്ങൾ അറിയിച്ചത‌്.  വാർത്തയുണ്ടാവുമെന്നും സൂചിപ്പിച്ചിരുന്നുവത്രെ. അതിനിടെ ചില മാധ്യമങ്ങളെമാത്രം  വിളിച്ചറിയിച്ചുള്ള  രഹസ്യറെയ‌്ഡ‌് വിവാദമായി. 
പൊലീസ‌് സേനയെ  വിശ്വാസത്തിലെടുക്കാതെ നടത്തിയ റെയ‌്ഡിനെതിരെ സേനയിൽ അമർഷം പുകഞ്ഞതോടെ അതുവരെ ഐജിയുടെ നിർദേശമനുസരിച്ചാണ‌് റെയ‌്ഡ‌് എന്നു പറഞ്ഞ ജില്ലാ പൊലീസ‌് മേധാവി റെയ‌്ഡിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. 
ഐജി ഇടപെട്ടതോടെയാണ‌് അനധികൃതമായ റെയ‌്ഡ‌് അവസാനിപ്പിച്ച‌് എഎസ‌്പി മടങ്ങിയത‌്.  പൊലീസ‌് തപാൽ വോട്ടുമായി ബന്ധപ്പെട്ട‌് ഇതുവരെ പരാതി വരാതിരുന്ന ജില്ലയാണ‌് കണ്ണൂർ. ഇവിടെ ഇത്തരത്തിൽ റെയ‌്ഡ‌് നടത്തിയതൊടെ  കോൺഗ്രസ‌് നേതാക്കൾക്ക‌് പാദസേവ ചെയ്യുന്ന ഉന്നത പൊലീസ‌് ഉദ്യോഗസ്ഥന്റെ നിലപാട‌് പുറത്തു വന്നിരിക്കയാണ‌്. യുഡിഎഫ‌് അനുകൂല പൊലീസ‌് ഉദ്യോഗസ്ഥർക്ക‌ും ചില മാധ്യമപ്രവർത്തകർക്കും റെയ‌്ഡിന്റെ വിവരം നേരത്തെ ലഭിച്ചിരുന്നു. 
ഒരു മണിക്കൂറോളം നീണ്ട പരിശോധനയിൽ പൊലീസുകാരുടെ ഹാൻഡ‌്ബാഗ‌് ഉൾപ്പെടെ പരിശോധിച്ചു. പരിശോധനയിൽ ഒരു രേഖപോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ‌്  റെയ‌്ഡ‌് നടത്തിയതെന്ന‌് വ്യക്തം. സംഭവം പൊലീസ‌് സേനയിൽ കടുത്ത അമർഷം ഉണ്ടാക്കി.  സേനയുടെ ആത്മവീര്യം തകർക്കുന്ന നടപടിയിൽ പ്രതിഷേധം ശക്തമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top