27 May Monday
ജില്ലാ പഞ്ചായത്ത‌് ബജറ്റ‌്

അതിജീവനം, വികസനം, നവോത്ഥാനം

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019

ജില്ലാ പഞ്ചായത്ത്‌ വൈസ‌് പ്രസിഡന്റ‌് പി പി ദിവ്യ ബജറ്റ‌് അവതരിപ്പിക്കുന്നു

കണ്ണൂർ

അതിജീവനം, വികസനം, നവോത്ഥാനം എന്നിവയിലൂന്നി ജില്ലാ പഞ്ചായത്ത‌് ബജറ്റ‌്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ ജില്ല ആർജിച്ച നേട്ടങ്ങളുടെ തുടർച്ച ലക്ഷ്യമിട്ടുള്ള ബജറ്റിൽ നൂതനവും മാതൃകാപരവുമായ  ഒട്ടേറെ പദ്ധതികൾ ഇടം പിടിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക‌് പ്രഥമ പരിഗണന നൽകി, അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ബജറ്റ‌് വിഭാവനം ചെയ്യുന്നു. നഷ്ടപ്പെട്ട കാർഷിക സംസ‌്കൃതിയെ തിരിച്ചുപിടിക്കുന്നതിന‌് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയ‌്ക്കുപുറമെ കാർഷിക സ്വയംപര്യാപ‌്ത ഗ്രാമം, കതിരണിപ്പാടം തുടങ്ങിയ പുതിയ പദ്ധതികളും  മുന്നോട്ടുവയ‌്ക്കുന്നു. ജില്ലയിലെ ജൈവസമ്പത്ത‌് പൂർണമായി സംരക്ഷിക്കുന്നതിന‌്  പ്രതിജ്ഞാബദ്ധമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനും പശ‌്ചാത്തല സൗകര്യ വികസനത്തിൽ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റം സാധ്യമാക്കുന്നതിനും വഴിയൊരുക്കുന്നതാണ‌് ബജറ്റ‌്.  വൈസ‌് പ്രസിഡന്റ‌് പി പി ദിവ്യ ബജറ്റ‌് അവതരിപ്പിച്ചു. പ്രസിഡന്റ‌് കെ വി സുമേഷ‌് അധ്യക്ഷനായി. 
2019–-20 വർഷത്തേക്ക‌്  120,36,26,000 രൂപ ചെലവും 7,72,41,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ‌് അവതരിപ്പിച്ചത‌്. 9,80,46,000 രൂപ പ്രാരംഭ ബാക്കിയുണ്ട‌്.  5,94,11,500 രൂപയാണ‌് നികുതിയേതര വരുമാനമായി പ്രതീക്ഷിക്കുന്നത‌്. കേന്ദ്ര–-സംസ്ഥാന സർക്കാറുകളിൽനിന്നും ലഭിക്കുന്ന 1,18,28,21,000 രൂപയുടെ  പദ്ധതി വിഹിതവും ചേർത്ത് ആകെ 1,28,08,67,000 രൂപ  വരവ‌് കണക്കാക്കുന്നു. വിവിധ പദ്ധതിയേതര ആവശ്യങ്ങൾ നിർവഹിക്കാൻ 3,71,05,000 രൂപയും വാർഷിക പദ്ധതിയുടെ ഭാഗമായി ആകെ 4,40,00,000 രൂപ തനത് ഫണ്ടായും വകയിരുത്തിയിട്ടുണ്ട‌്.
പട്ടികജാതി കുടുംബങ്ങൾക്ക് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പാർപ്പിട സമുച്ചയം നിർമിക്കുന്നതിന‌് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി. റോഡുകളുടെ നിർമാണത്തിനും  അറ്റകുറ്റപ്പണിക്കുമായി 41.88 കോടി രൂപ. ഈ വർഷത്തോടെ ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി  സ‌്കൂളുകളും പെൺസൗഹൃദമാകും. ഇതിനായി 23 സ‌്കൂളുകളിൽ 3.45 കോടി ചെലവിൽ ഗേൾസ‌് ഫ്രണ്ട‌്‌ലി വിശ്രമമുറികൾ സ്ഥാപിക്കും. 
ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങളിൽ സോളാർ ഗ്രിഡുകൾ സ്ഥാപിച്ച് സമ്പൂർണ ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഊർജ സംഭരണം നടത്തി വൈദ്യുത വകുപ്പിന് കൈമാറും. ഇതിനായി ഒരുകോടി രൂപയാണ‌് നീക്കിവച്ചത‌്.  ഊർജ സ്വയം പര്യാപ്തത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ മാറ്റുന്നതിനാണ‌് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത‌്. ജില്ലയിലെ ചരിത്രം ഉറങ്ങുന്ന വഴികൾ പുതുതലമുറക്ക് പകർന്ന‌് നൽകുന്നതിനായി ചരിത്ര സൂചികാ ഫലകങ്ങൾ സ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയിൽ കരിവെള്ളൂർ–- കാവുമ്പായി റോഡരികിൽ ചരിത്രം രേഖപ്പെടുത്തി
വയ‌്ക്കും. ഇതിനായി അഞ്ച‌് ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് റോഡുകളെ ബന്ധപ്പെടുത്തി ജ്യോഗ്രഫി ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ റോഡ് കണക്ടിവിറ്റി മാപ്പ് പ്രസിദ്ധീകരിക്കും. കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനത്തിന് റിവോൾവിങ‌് ഫണ്ട‌് ഏർപ്പെടുത്തുകയും എന്റർപ്രണേഴ‌്സ് മീറ്റ‌് സംഘടിപ്പിക്കുകയും ചെയ്യും. 
തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും സംയോജക കൃഷിയിൽ പഞ്ചായത്തുകൾക്ക‌് ധനസഹായം നൽകുന്നതിനും 30 ലക്ഷം വീതം വകയിരുത്തി. ഫാം ടൂറിസത്തിനായി ഒരു കോടിയും പെരിങ്ങോം–- വയക്കരയിൽ ഡക്ക‌് ഫാം സ്ഥാപിക്കുന്നതിന‌് പത്ത‌് ലക്ഷവും ഇതര ഭാഷാ പഠനത്തിന‌് എട്ട‌് ലക്ഷവും പട്ടിക വർഗ യുവജന ഗ്രൂപ്പുകൾക്ക‌് വാദ്യോപകരണം നൽകുന്നതിന‌് പത്ത‌് ലക്ഷവും വകയിരുത്തിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top