22 March Friday

രണ്ട‌് മണിക്കൂർ ഗതാഗതതടസ്സം ചാലക്കുന്നിൽ കണ്ടെയ‌്നർ ലോറിയും ബസ്സും കൂട്ടിയിടിച്ച‌് 13 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കണ്ണൂർ
ദേശീയപാതയിൽ ചാലക്കുന്നിൽ സ്വകാര്യ ബസും കണ്ടെയ‌്നർ ലോറിയും കൂട്ടിയിടിച്ച‌് 13 പേർക്ക‌് പരിക്കേറ്റു. അപകടത്തെ തുടർന്ന‌് ഇതുവഴിയുള്ള ഗതാഗതം രണ്ട‌് മണിക്കൂറോളം വൈകി. വെള്ളിയാഴ‌്ച രാവിലെ എട്ടോടെയാണ‌് അപകടം.
പരിക്കേറ്റ രാമതെരുവിലെ ആതിര (29) , സുലോചന (52),  ജിതിൻ (25), ഗിരിജ (42), മയ്യിൽ സ്വദേശിയും കൂത്തുപറമ്പ‌് നവോദയ സ‌്കൂൾ വിദ്യാർഥിയുമായ സ്വാതികൃഷ‌്ണ (16), കണ്ണൂർ സർവകലാശാല ജീവനക്കാരി സന്ധ്യ (42), തോട്ടടയിലെ മംഗള (36), കൂത്തുപറമ്പിലെ വസന്ത (52), പുഴാതിയിലെ മനോജ‌് (43) എന്നിവരെ ജില്ലാ ആശുപത്രിയിലും ശശീന്ദ്രൻ (51) , സിജി മാത്യു (36) എന്നിവരെ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും സഹായിക്കും പരിക്കുണ്ട‌്. നിസ്സാര പരിക്കേറ്റവരെ പ്രാഥമികചികിത്സയ‌്ക്ക‌് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക‌് സാരമുള്ളതല്ല.
കണ്ണൂരിൽനിന്നും കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന അശ്വതി ബസും കോഴിക്കോടുനിന്ന‌് മംഗളൂരുവിലേക്ക‌് പോകുന്ന കണ്ടെയ‌്നർ ലോറിയുമാണ‌് ചാലക്കുന്നിൽ കൂട്ടിയിടിച്ചത‌്. ദേശീയപാതയിൽ ചാലക്കുന്ന‌് മുത്തപ്പൻ ക്ഷേത്രത്തിന‌് സമീപമാണ‌് അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ഫയർഫോഴ‌്സ‌് എത്തിയാണ‌് ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത‌്. അപകടത്തെ തുടർന്ന‌് ദേശീയപാതയിൽ വൻ വാഹനക്കുരുക്കുണ്ടായി. തോട്ടട–-നടാൽ വഴിയാണ‌് പിന്നീട‌് വാഹനങ്ങൾ തിരിച്ചുവിട്ടത‌്.  രണ്ടു മണിക്കൂറിന‌് ശേഷമാണ‌് ഗതാഗതം പുന:സ്ഥാപിച്ചത‌്.
 
പ്രധാന വാർത്തകൾ
 Top