16 November Saturday

ദുരിതമനുഭവിക്കുന്നവർക്ക്‌ സൗജന്യ റേഷൻ അനുവദിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കണ്ണൂർ
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. 
കനത്ത പേമാരിയെയും ഉരുൾപൊട്ടലിനെയും തുടർന്ന്‌ ജില്ലയിലെമ്പാടും വിവരണാതീത ദുരിതങ്ങളാണുണ്ടായത്. നൂറിലേറെ ക്യാമ്പുകളിലായി പതിനായിരത്തിൽപരം ആളുകൾ കഴിയുകയാണ്. ഇതിനു പുറമെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പുനരധിവസിപ്പിച്ചിട്ടുണ്ട്.  ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പലരും  ക്യാമ്പിലെത്തിയത്.  വീടുകളിൽ വെള്ളം കയറിയതോടെ എല്ലാം നഷ്ടപ്പെട്ടവരുമുണ്ട്.  അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും നൽകി സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.  ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും സർക്കാർ സംവിധാനം പൂർണമായി ഇടപെട്ട് പ്രവർത്തിക്കുന്നു.  സർക്കാരുമായി സഹകരിച്ചുകൊണ്ടായിരിക്കണം പാർടിയുടെയും വർഗ–- ബഹുജന സംഘടനകളുടെയും പ്രവർത്തനം.  വെള്ളം കയറിയ വീടുകളിലും തൊഴിൽ, വ്യാപാര സ്ഥാപനങ്ങളിലും വെള്ളമിറങ്ങുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാനും എല്ലാവരും തയ്യാറാകണം. 
ക്യാമ്പുകളിലാവശ്യമായ വൈദ്യസഹായം എത്തിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.  സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നേഴ്‌സ് അടക്കമുള്ള ജീവനക്കാരും സേവനരംഗത്തുണ്ട്. അവരോടൊപ്പം കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെയും തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂർ സഹകരണ ആശുപത്രികളിലെയും ഡോക്ടർമാരുടെ ടീമുകൾ കൂടുതൽ പേരുള്ള ക്യാമ്പുകളിൽ വൈദ്യസഹായം നൽകും. ഭക്ഷണവും വസ്ത്രവും ക്യാമ്പുകളിൽ ലഭ്യമാക്കാൻ വർഗ–- ബഹുജന സംഘടനകൾ ആവശ്യമായ നടപടി സ്വീകരിക്കണം.  പാർടി പരിപാടി നിർത്തിവച്ച് ദുരിതാശ്വാസ–- രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും വ്യാപൃതരാകണമെന്നും  യോഗം അഭ്യർഥിച്ചു. എം  സുരേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എം വി  ജയരാജൻ പ്രവർത്തനം  വിശദീകരിച്ചു.
പ്രധാന വാർത്തകൾ
 Top