21 September Saturday

ബാലൻ നമ്പ്യാർ വധക്കേസ‌് ഫയൽ കാണാതായത് യുഡിഎഫ് ഭരണത്തിൽ; ഗവൺമെന്റ് പ്ലീഡർക്കും പങ്കുണ്ടെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കൂത്തുപറമ്പ് 
ആർഎസ്എസ്സുകാർ പ്രതികളായ കുട്ടിക്കുന്ന‌് ‘തപസ്യ’യിൽ ബാലൻ നമ്പ്യാർ വധക്കേസ‌് ഫയൽ മുക്കിയത് യുഡിഎഫ് ഭരണകാലത്ത‌്. അന്നത്തെ ഗവൺമെന്റ് പ്ലീഡറാണ‌് ഇതിനു പിന്നിലെന്നും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ അപ്രത്യക്ഷമാക്കി കേസ് അട്ടിമറിക്കുന്നതിന‌് ഒത്താശ ചെയ്തു കൊടുത്തത് കണ്ണൂരിലെ പ്രമുഖ കോൺഗ്രസ‌് നേതാവാണെന്നും സൂചന ലഭിച്ചു. 
കേസിലെ പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായ കോൺഗ്രസ് നേതാവിന്റെ ഇടപെടൽ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ‌് ക്രൈംബ്രാഞ്ചിന് ലഭിച്ചത‌്.  2005 ജനുവരി 27നാണ് കൊലപാതകം നടന്നത്. വീട് ആക്രമിച്ച് ബാലൻ നമ്പ്യാരെ കൊലപ്പെടുത്തിയശേഷം വീട് കൊള്ളയടിക്കുകയും ചെയ്തു. കേസിൽ സ‌്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട‌് കൊച്ചിയിൽ അഡ്വക്കറ്റ‌് ജനറൽ ഓഫീസിലേക്കു കൊണ്ടുപോയ ഫയൽ അപ്രത്യക്ഷമാവുകയായിരുന്നു.  
ഫയൽ പൂഴ‌്ത്തിയതുമായി ബന്ധപ്പെട്ട് ബാലൻ നമ്പ്യാരുടെ മകൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയും അട്ടിമറിച്ചു. പിന്നീട് ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് കേസ് ചുമതല നൽകിയെങ്കിലും കോൺഗ്രസ് നേതാവ് ഇടപെട്ട‌് അന്വേഷണം താറുമാറാക്കി. തുടക്കം മുതൽ ഈ കേസ‌് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടന്നിരുന്നു. കൊലപാതകത്തിനുള്ള 302ാം വകുപ്പുപോലും ചേർക്കാതെയാണ‌് കുറ്റപത്രം സമർപ്പിച്ചത‌്.   
 കൊച്ചിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിൽനിന്നാണ് ഫയൽ അപ്രത്യക്ഷമായതെന്ന‌് സംശയമുയർന്നതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക‌് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടർന്ന‌് നടത്തിയ അന്വേഷണത്തിലാണ‌് ഫയൽ ഗവർമെന്റ് പ്ലീഡർ കൈപ്പറ്റിയതായുള്ള രേഖകൾ കണ്ടെത്തിയത്. മെയ് ആറിന‌് തലശേരി സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. ഫയൽ കാണാത്ത സാഹചര്യത്തിൽ കേസിന്റെ വിചാരണ ഹൈക്കോടതി  ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ബാലൻ നമ്പ്യാരുടെ മകൾ വിനീത നൽകിയ ഹർജിയിലാണ‌്  ഹൈക്കോടതി ഇടപെടൽ.
ഫയൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫയൽ കിട്ടാതെ വിചാരണ നടന്നാൽ പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയൽ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംഭവത്തെ കുറിച്ച് അഡ്വക്കറ്റ് ജനറലിനും കണ്ണൂർ ഐ ജിക്കും ഡിസ്ട്രിക്ട‌് ഗവൺമെന്റ് പ്ലീഡർ ബി പി ശശീന്ദ്രൻ റിപ്പോർട്ട് നൽകിയിരുന്നു. 
   ആർ എസ് എസ്സുകാരായ ചുണ്ടക്കാട്ടുപറമ്പ് സുരേഷ് കുമാർ എന്ന മണി (41), രാജ് നിവാസിൽ രാജീവൻ (42), മാറോളി വീട്ടൽ സുഹാസ് (42), കുറ്റേരി ഗോവിന്ദൻ നമ്പ്യാർ (70), കോരപ്പറമ്പ് ജയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), പുത്തൻപുരയിൽ സുനിൽ കുമാർ (38), കല്ലുമ്മൽ ജയേഷ് (38), ഐശ്വര്യയിൽ രതീഷ് (40), കല്യാർ രതീഷ് കുമാർ (40), ശ്രീനിലയത്തിൽ രൂപേഷ് (40), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മൽ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് പ്രതികൾ. ഫയൽ കണ്ടെത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരടങ്ങിയ  പ്രത്യേക അനേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിൽ കണ്ട‌് നിവേദനം നൽകുമെന്ന‌് വിനീത പറഞ്ഞു. ഗവൺമെന്റ‌് പ്ലീഡറും വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top