18 August Sunday

ആര്‍എസ്എസ് ശാഖക്ക് സമീപത്തെ വീട്ടില്‍നിന്ന് ബോംബ്‌ശേഖരംപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
മയ്യഴി
മാഹി ചെമ്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനും ആർഎസ്എസ് ശാഖക്കും സമീപത്തെ വീട്ടിൽനിന്നും അത്യുഗ്രസ്‌ഫോടകശേഷിയുള്ള ബോംബ്‌ ശേഖരംപിടിച്ചു. ചെമ്പ്ര കേളമ്പത്ത്പറമ്പിലെ പൂട്ടിയിട്ട പഴയ അപ്പക്കൂടിൽനിന്നാണ് പ്രത്യേകപാത്രത്തിൽ  സൂക്ഷിച്ച നാല്‌ ബോംബുകൾ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടെണ്ണം സ്റ്റീൽബോംബുകളാണ്. കൊലപാതകം ഉൾപ്പെടെ നിരവധികേസുളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കുപ്പി സുബീഷ് അപ്പക്കൂടായി ഉപയോഗിച്ച വീടാണിത്. ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മാഹി പൊലീസും കണ്ണൂരിൽനിന്നുള്ള ബോംബ്‌സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. 
മാഹി എസ‌്പി വംശീധരറെഡ്ഡിയുടെ നേതൃത്വത്തിൽ സിഐ കെ ഷൺമുഖം, പള്ളൂർ എസ്‌ഐ സെന്തിൽകുമാർ, ബോംബ്‌സ്‌ക്വാഡ് എസ്‌ഐ ടി വി ശശിധരൻ, എഎസ്‌ഐ ജിയാസ്, ഗിരീഷ് പി ഐ, ശിവദാസൻ, ധനേഷ്, പ്രസീന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ആർഎസ്എസ്സിന്റെ കണ്ണൂരിലെ പ്രധാന ആയുധസംഭരണകേന്ദ്രവും ക്രിമിനൽ താവളവുമാണ് ചെമ്പ്ര. സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതടക്കമുള്ള ആസൂത്രണം നടന്നതും ഇതേ സ്ഥലത്താണ്. 
കുപ്പി സുബീഷിന്റെ ബെയ്ക്കറിയിലേക്ക് പലഹാരങ്ങൾ നിർമിച്ചു നൽകിയത് ഈ അപ്പക്കൂടിൽ നിന്നാണ്. ഈ വീടുകേന്ദ്രീകരിച്ച് വൻതോതിൽ ബോംബ്‌നിർമിച്ചതായും സൂചനയുണ്ട്.  ബോംബ്പിടിക്കുന്ന പ്രദേശത്തെ രാഷ്ട്രീയശക്തിനോക്കി പ്രതികളെ നിശ്ചയിക്കുന്നതാണ് മാഹി പൊലീസിന്റെ രീതി. പള്ളൂർ പാലോട്ടുമ്മലിൽ ഒരുപറമ്പിൽനിന്ന് ബോംബ്പിടിച്ചപ്പോൾ പ്രദേശത്തെ പാർടി നേതാവെന്ന നിലയിൽ കണ്ണിപ്പൊയിൽ ബാബുവിനെ മാഹി പൊലീസ് അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലടച്ചിരുന്നു. സ്‌പെഷ്യൽബ്രാഞ്ച് എസ്‌ഐ പ്രദീപന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top