13 December Friday

സിപിഐ എം നേതൃത്വത്തിലുള്ള കുടുംബസംഗമങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കമാകും

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2019
കണ്ണൂർ
കേരളപ്പിറവി ദിനംമുതൽ തുടങ്ങിയ  ഗൃഹസന്ദർശനത്തിനുപിന്നാലെ സിപിഐ എം നേതൃത്വത്തിലുള്ള കുടുംബസംഗമങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കമാകും. ജില്ലയിലെ 3745 ബ്രാഞ്ചുകളിലും 17 വരെയുള്ള ദിവസങ്ങളിലായി കുടുംബസംഗമം നടക്കും. ലോക്കൽ, ഏരിയാ നേതാക്കൾമുതൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗങ്ങളിൽ പങ്കെടുക്കും. 
സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിലും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലും  പരിഹാരത്തിലും ഊന്നിയായിരുന്നു പത്തു ദിവസം നീണ്ട ഗൃഹസന്ദർശന പരിപാടി. എന്നാൽ കമ്യൂണിസ്‌റ്റ്‌ പാർടി നൂറാംവാർഷികത്തിന്റെ ഭാഗമായുള്ള അതിവിപുലമായ രാഷ്‌ട്രീയ വിഭ്യാഭ്യാസമാണ്‌ കുടുംബസംഗമങ്ങളിലൂടെ സിപിഐ എം ലക്ഷ്യമാക്കുന്നത്‌.
1920 ഒക്ടോബർ 17ന്‌  സോവിയറ്റ്‌ യൂണിയനിലെ താഷ്‌ക്കന്റിൽ രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയെ മുളയിലേ നുള്ളിക്കളയാൻ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം നടത്തിയ ഇടപെടലുകളും  എല്ലാപ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ കരുത്താർജിച്ച പാർടി ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്‌ ശരിയായ ദിശാബോധംനൽകുന്ന നിലയിലേക്കു വളർന്നുവന്നതും നേതാക്കൾ ജനങ്ങളോടു വിശദീകരിക്കും.  കേരളത്തിൽ 1937ൽ പി കൃഷ്‌ണപിള്ളയും ഇ എം എസും കെ ദാമോദരനും എൻ സി ശേഖറുമടങ്ങിയ നാൽവർസംഘം കൊളുത്തിയ കമ്യൂണിസ്‌റ്റ്‌ ദീപശിഖ ഈ നാടിന്റെഭാഗധേയം നിർണയിക്കുന്ന നിലയിൽ ജനമനസ്സുകളിലേക്കു പടർന്നുകയറി.  
ഐക്യകേരളവും ആധുനിക വികസിത കേരളവും രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം നിർണായക പങ്കാണ്‌ വഹിച്ചത്‌. 
കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ഇത്തരം വിലമതിക്കാനാകാത്ത സംഭാവനകൾക്കൊപ്പം അയോധ്യക്കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വിധിയടക്കമുള്ള സമകാലിക രാഷ്‌ട്രീയ–- സാമൂഹ്യ പ്രശ്‌നങ്ങളും  കുടുംബസംഗമങ്ങളിൽ വിശദീകരിക്കും.  കുടുംബസംഗങ്ങൾ വൻവിജയമാക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഴുവൻ പ്രവർത്തകരോടും  അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top