18 October Friday

ആർഎസ്‌എസ്സിന്‌ മുന്നിൽ കോൺഗ്രസ്‌ വിറങ്ങലിച്ചുനിൽക്കുന്നു: കോടിയേരി

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019
കമ്പിൽ (കണ്ണൂർ)
ഭരണഘടനയിൽ 370ാം വകുപ്പ് എഴുതിച്ചേർത്തതുകൊണ്ടാണ് ജമ്മു- കശ്മീർ ഇന്ത്യയുടെ ഭാഗമായി നിൽക്കുന്നതെന്ന് ആർഎസ്എസ് ഓർക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 70 വർഷം ചെയ്യാൻ കഴിയാത്തത് എഴുപത് ദിവസംകൊണ്ട് മോഡിക്ക് ചെയ്യാൻ കഴിഞ്ഞുവെന്നാണ് ആർഎസ്എസ്‌ അവകാശവാദം.  370ാം വകുപ്പില്ലെങ്കിൽ 70 വർഷംമുമ്പേ കശ്മീർ പാകിസ്ഥാന്റെ ഭാഗമാകുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പരിരക്ഷ കിട്ടിയാൽ ഇന്ത്യൻ യൂണിയനൊപ്പം നിൽക്കാമെന്ന ഉറപ്പിന്റെ ഭാഗമായാണ് നെഹ്റു 370ാം വകുപ്പ് എഴുതിച്ചേർക്കാൻ സമ്മതിച്ചത്. ഈ വകുപ്പാണ് കശ്‌മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന ബിജെപി പ്രചാരണം ജനങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ചടയൻ ഗോവിന്ദൻ അനുസ്‌മരണ സമ്മേളനം  കമ്പിൽ ബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ കശ്മീരിനെ വെട്ടിമുറിക്കുകയെന്നത് ആർഎസ്എസ് ആവശ്യപ്പെടുന്നതാണ്. ആർഎസ്എസ്സുകാരനെ കശ്മീർ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം. ഇതിനായി കശ്മീരിന്റെ ഘടന മാറ്റുകയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കും. ഹിന്ദു, ബുദ്ധ മതക്കാർ താമസിക്കുന്നിടത്ത് മണ്ഡലങ്ങൾ കൂട്ടും. മണ്ഡലം പുനഃക്രമീകരണത്തിലൂടെ കശ്മീരിനെ ആർഎസ്എസ് വരുതിയിലാക്കും. 
രാജ്യത്തെ പ്രശ്നങ്ങളെല്ലാം മതപരമായി കാണുന്ന ആർഎസ്എസ് നിലപാടാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം. എന്നാൽ, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ഇതിനുമുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു.
ബിജെപിക്കെതിരെ എല്ലാ കക്ഷികളും ഒന്നിച്ചുനിൽക്കേണ്ട സമയത്ത് കോൺഗ്രസ് വ്യത്യസ്ത നിലപാടിലാണ്. പാർലമെന്റിൽ കശ്മീർ വിഷയത്തിൽ  വിപ്പുനൽകേണ്ടയാൾ ബിജെപിയിലേക്ക് പോയി. ലീഗുകാരുടെയടക്കം വോട്ടുനേടി ജയിച്ച ശശി തരൂർ ഇപ്പോൾ ബിജെപി വക്താവെന്നപോലെയാണ്‌ സംസാരിക്കുന്നത്‌. ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിനില്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കുകയാണ് ആർഎസ്എസിന്റെ അടുത്ത ലക്ഷ്യം. കേരളത്തിൽ വികസനസ്തംഭനം ഉണ്ടാക്കുകയാണ്. ബിജെപിക്കുമുന്നിൽ കേരളം വിറങ്ങലിച്ച് നിൽക്കില്ലെന്നും കോടിയേരി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top