23 March Saturday

രോഷാഗ്നിയായ‌് കർഷകപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

അഖിലേന്ത്യാ കിസാൻസഭ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജയിൽനിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന കർഷകരുടെ കുത്തിയിരിപ്പ് സമരം ജെയിംസ്‌ മാത്യു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം  
നരേന്ദ്ര മോഡി സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്ത‌് കർഷകപ്രതിഷേധം ഇരമ്പി. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജയിൽനിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത‌് നടന്ന കർഷകരുടെ മഹാധർണയിൽ ആയിരങ്ങൾ പങ്കാളികളായി. തിരുവനന്തപുരത്ത‌് രാജ‌്ഭവനുമുന്നിലും ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലുമാണ‌് ധർണ സംഘടിപ്പിച്ചത‌്‌. പ്രതികൂലകാലാവസ്ഥയെത്തുടർന്ന‌് ഇടുക്കി, കോട്ടയം, വയനാട‌് ജില്ലകളിൽ സമരം മാറ്റി.
രാജ‌്ഭവനുമുന്നിൽ കിസാൻ സഭ വൈസ‌്പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള സമരം ഉദ‌്ഘാടനംചെയ‌്തു. കർഷകസംഘം പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻനായർ അധ്യക്ഷനായി. പ്രധാനമന്ത്രിക്ക‌് സമർപ്പിക്കാനുള്ള പത്തുലക്ഷം കർഷകർ ഒപ്പിട്ട നിവേദനം കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ‌് സെക്രട്ടറി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ഗവർണർ ജസ്റ്റിസ‌് പി സദാശിവത്തിന‌് കൈമാറി.  മറ്റ‌് ജില്ലകളിൽ കലക്ടർമാർവഴിയാണ‌് പ്രധാനമന്ത്രിക്ക‌് നിവേദനം നൽകുക. സംസ്ഥാനത്ത‌് ഒരുകോടി പേർ ഒപ്പിട്ട നിവേദനമാണ‌് പ്രധാനമന്ത്രിക്ക‌് കൈമാറുക.
കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം, എണ്ണമറ്റ സമരപോരാട്ടങ്ങൾക്ക‌് സാക്ഷ്യം വഹിച്ച, കണ്ണൂരിന് വേറിട്ട അനുഭവമായി. കാർഷിക മേഖലയിൽ നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ കത്തുന്ന രോഷവുമായി അയ്യായിരം കർഷക വളണ്ടിയർമാരാണ് രാവിലെമുതൽ രാത്രിവരെ നീണ്ട കുത്തിയിരിപ്പുസമരത്തിൽ അണിനിരന്നത്. സിഐടിയു ഉൾപ്പെടെ വിവിധ ട്രേഡ്യൂണിയൻ സർവീസ് ‐ ബഹുജന സംഘടനാ പ്രവർത്തകർ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു. നാടൻപാട്ടും വിപ്ലവഗാനാലാപവും നാടകാവതരണവും ഉൾപ്പെടെ വിവിധ കലാപരിപാടികളും സമരവേദിയെ സമ്പന്നമാക്കി. 
രാവിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യൂ എംഎൽഎയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തൊഴിലാളിവർഗ നിലപാടുകൾക്കും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയാണ് സ്ഥാനമെന്ന് സന്ദേഹിക്കുന്നവർക്കുള്ള മറുപടിയാണ് രാജ്യത്തുടനീളം അലയടിക്കുന്ന കർഷക സമരങ്ങളെന്ന്  ജയിംസ് മാത്യൂ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകാലത്തു നൽകിയ വാഗ്ദാനങ്ങളെല്ലാം കാറ്റിൽപറത്തി മോഡി സർക്കാർ കൃഷിക്കാരെ ആത്മഹത്യയിലേക്കു തള്ളിവിടുമ്പോൾ മരിക്കാൻ ഞങ്ങൾക്കു മനസ്സില്ലെന്നു പ്രഖ്യാപിച്ചാണ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും മറ്റും പതിനായിരക്കണക്കിനു കൃഷിക്കാർ തെരുവിലിറങ്ങിയത്. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിനും വഴികാട്ടുകയാണ് ഈ സമരപരമ്പരകളെന്നും അദ്ദേഹം പറഞ്ഞു.
കർഷകസംഘം ജില്ലാ പ്രസിഡന്റ് ഒ വി നാരായണൻ അധ്യക്ഷനായി. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമരത്തിന‌് തുടക്കമായത്. ജില്ലാ സെക്രട്ടറി വത്സൻ പനോളി സ്വാഗതം പറഞ്ഞു. ജനങ്ങളിൽനിന്നു സമാഹരിച്ച പത്തുലക്ഷം ഒപ്പുകളടങ്ങിയ നിവേദനം ജില്ലാ ഭാരവാഹികൾ പിന്നീട് കലക്ടർക്കു സമർപ്പിച്ചു. കാർഷികവിളകൾക്ക് ഡോ. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനത്തിൽ വാഗ്ദാനലംഘനം നടത്തിയ പ്രധാനമന്ത്രിക്ക് തൽസ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും എടുത്തുപറയുന്നു. 
സിഐടിയു, കെഎസ്കെടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, കേരള എൻജിഒ യൂണിയൻ, കെഎസ്ടിഎ, കെജിഒഎ, ബിഎസ്എൻഎൽഇയു, എൽഐസി എംപ്ലോയീസ് യൂണിയൻ, മോട്ടോർ തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രകടനമായെത്തി അഭിവാദ്യം ചെയ്തത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി നാരായണൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി സരള, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രൻ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. ഇ വി സുധീർ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രകാശൻ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട്, എൽഐസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ പ്രേംജിത്ത്, മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ ജയരാജൻ എന്നിവർ സംസാരിച്ചു. 
അത്താഴക്കുന്ന് സൗപർണികയിലെ കലാകാരന്മാർ നാടൻപാട്ടുമായി സമരവേദിയെ ആഹ്ലാദഭരിതമാക്കി. കഥാപ്രസംഗം, ഏകാങ്കനാടകം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.  ജനസഹസ്രങ്ങൾ അണിനിരന്നിട്ടും ഗതാഗതതടസ്സം സൃഷ്ടിക്കാതെയായിരുന്നു പത്തുമണിക്കൂർ നീണ്ട സമരം. കർഷകസംഘം നേതാക്കളായ പി പി ദാമോദരൻ, സി വി മാലിനി, കമല ശ്രീധരൻ, എം വേലായുധൻ, പി ഗോവിന്ദൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെ ഗിരീശൻ നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top