19 June Wednesday

വടകര മണ്ഡലം തിരിച്ചുപിടിക്കും: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019
കണ്ണൂർ
വടകര ലോക‌്സഭാ മണ്ഡലം ഇത്തവണ എൽഡിഎഫ‌് തിരിച്ചുപിടിക്കുമെന്ന‌് പി ജയരാജൻ. മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരു കാര്യം ഇപ്പോഴേ ഉറപ്പിച്ചു പറയാം. നല്ല ഭൂരിപക്ഷത്തോടെ എൽഡിഎഫ‌് വിജയിക്കും’’–- ജയരാജൻ പറഞ്ഞു. 
ജനാധിപത്യത്തിനും മതനിരപേക്ഷതയ‌്ക്കും സാമൂഹ്യനീതിക്കും വലിയ വെല്ലുവിളിയാണ‌് അഞ്ചു വർഷത്തെ ബിജെപി ഭരണം സൃഷ്ടിച്ചിട്ടുള്ളത‌്. അതിനെ ചെറുത്തു പരാജയപ്പെടുത്താൻ ഫലപ്രദമായ ശക്തി ഇടതുപക്ഷമാണ‌്. കോൺഗ്രസ‌് വലതുപക്ഷത്തിന്റെ ഭാഗമായാണ‌് പ്രവർത്തിക്കുന്നത‌്. പലപ്പോഴും ആർഎസ‌്എസ്സിനെയും ബിജെപിയെയും അനുകരിക്കുകയാണവർ.  രാജ്യത്തെ മതഭ്രാന്തിലേക്കു നയിക്കുന്ന ആർഎസ‌്എസ‌്–- ബിജെപിയെ എതിർക്കാൻ ആശയദാർഢ്യത്തോടെ നിലകൊള്ളുന്നത‌്  ഇടതുപക്ഷ പ്രസ്ഥാനംമാത്രമാണ‌്. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വിവിധവിഭാഗം ആളുകൾ വിളിച്ച‌് പിന്തുണയും സഹായവും പ്രഖ്യാപിച്ചു. എല്ലാവരോടും നന്ദിയുണ്ട‌്. 
 ബിജെപിയുടെ പ്രഖ്യാപിത ശത്രുവെന്ന നിലയിൽ അവരുടെ എതിർപ്പിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന‌് ജനാധിപത്യവും മതനിരപേക്ഷതയും കുഴിച്ചുമൂടാൻ ശ്രമിക്കുന്ന ആർഎസ‌്എസ്സിനെ ഫലപ്രദമായി എതിർക്കുന്ന ഒരാളെന്ന നിലയിൽ തനിക്കെതിരെ ശക്തമായ നിലപാട‌ാണ‌് അവർ എല്ലാ കാലത്തും സ്വീകരിച്ചതെന്ന‌് ജയരാജൻ ചൂണ്ടിക്കാട്ടി. 1999–-ലെ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി പ്രൊഫ. എ കെ പ്രേമജത്തിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്നു.  ആ സമയത്ത‌് ’99–-ലെ തിരുവോണ ദിവസമാണ‌് ആർഎസ‌്എസ്സുകാർ വീട്ടിൽ കയറി എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത‌്. ആ എതിർപ്പ‌് ഇപ്പോഴും തുടരുന്നു. പക്ഷേ, കമ്യൂണിസ‌്റ്റ‌് പാർടിയുടെയും എൽഡിഎഫിന്റെയും പ്രവർത്തകനെന്ന നിലയ‌്ക്ക‌് താൻ  നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച‌് ജനങ്ങൾക്ക‌് കൃത്യമായ ധാരണയുണ്ട‌്. വർഗീയ–- തീവ്രവാദ ശക്തികൾ ഏതെല്ലാം നിലയ‌്ക്ക‌് എതിർത്താലും ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാൻ താൽപര്യമുള്ള എല്ലാ ജനങ്ങളും എന്നെ പിന്തുണയ‌്ക്കും; സഹായിക്കും. 
വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആർഎംപി നിലപാടിനെയും ജയരാജൻ വിമർശിച്ചു. തെരഞ്ഞെടുപ്പ‌് രാഷ‌്ട്രീയ പോരാട്ടമാണ‌്. വ്യക്തികൾ അവർ പ്രതിനിധാനംചെയ്യുന്ന രാഷ‌്ട്രീയത്തിന്റെ പ്രതീകങ്ങളാണ‌്. അതിനുപകരം വ്യക്തിപരമായ വിരോധമാണ‌് പ്രകടിപ്പിക്കുന്നതെങ്കിൽ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ അതു ചെവിക്കൊള്ളാൻ പോകുന്നില്ല–- ജയരാജൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top