05 August Wednesday
ഡെങ്കിപ്പനി

പ്രതിരോധ നടപടി ഊർജിതം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

കണ്ണൂർ

തലശേരിയിൽ അഗ്നിരക്ഷാസേന യൂണിറ്റിലെ ജീവനക്കാർക്കിടയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ   ഉറവിട നശീകരണ പ്രവർത്തനം നടത്തി. 
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ  മായ, ജില്ലാ മലേറിയ ഓഫീസർ വി സുരേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ജീവനക്കാർക്ക്  വ്യക്തിഗതസുരക്ഷാ സാമഗ്രികൾ, കൊതുകുവല എന്നിവ വിതരണം ചെയ്തു. സമീപത്തെ സബ്കലക്ടർ ഓഫീസ്, നിർമിതി കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ച്‌ ജീവനക്കാർക്ക്  മാർഗ നിർദേശം നൽകി. 
അഗ്നിരക്ഷാേസേനയിലെ എട്ട്‌ പേർക്കാണ്‌ ഡെങ്കിപ്പനി ബാധിച്ചത്‌.  കുറ്റ്യാടി സ്വദേശിയായ ഒരു ജീവനക്കാരനുകൂടി പനിവന്നതോടെ സേനാംഗങ്ങൾ ആശങ്കയിലാണ്‌. കോഴിക്കോട്‌ പേരാമ്പ്ര, ചോമ്പാൽ, കോഴിക്കോട്‌ ടൗൺ, കണ്ണൂർ ജില്ലയിലെ കുന്നിരിക്ക, തോട്ടട, മൂന്നുപെരിയ, കാടാച്ചിറ എന്നിവിടങ്ങളിലുള്ളവർക്കാണ്‌  രോഗം ബാധിച്ചത്‌. 
ഡെങ്കിപ്പനി ബാധിച്ചവരിൽ ഒരാളേ ഇപ്പോൾ ആശുപത്രിയിലുള്ളൂ. നാലുപേർക്ക്‌ രോഗം ഭേദമായി. ബാക്കിയുള്ളവർ വീടുകളിൽ ചികിത്സയിലാണ്‌. പനിബാധിച്ച കുറ്റ്യാടി സ്വദേശിയുടെ പരിശോധനാ ഫലം ലഭിച്ചാലേ ഡെങ്കിയാണോയെന്ന്‌ ഉറപ്പിക്കാനാവൂ. 
അഗ്നിരക്ഷാസേന യൂണിറ്റ്‌ പരിസരമാകാം രോഗത്തിന്റെ ഉറവിടമെന്നാണ്‌ കരുതുന്നത്‌. ഫയർഫോഴ്‌സ്‌ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ആർക്കും രോഗം ബാധിച്ചിട്ടില്ല. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അഗ്നിരക്ഷാസേനയിൽ ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഒരാഴ്‌ച തുടർച്ചയായി ജീവനക്കാർ ഓഫീസിൽ താമസിക്കേണ്ടിവരുന്നുണ്ട്‌. 
ബുധനാഴ്‌ച  ജില്ലയിൽ  നാല്‌ പേർക്കുകൂടി  ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തളിപ്പറമ്പിൽ രണ്ടു പേർക്കും ഇരിട്ടി, ചെങ്ങളായി എന്നിവിടങ്ങളിൽ  ഓരോരുത്തർക്കുമാണിത്‌.  ഇതുവരെ 193 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഡെങ്കി ലക്ഷണങ്ങളുള്ള 1404 കേസുകളും  റിപ്പോർട്ട്‌ ചെയ്‌തു. ഡെങ്കി ബാധിച്ച്‌ എട്ടു പേർ ജില്ലയിൽ മരിച്ചു.  
പ്രത്യേക ശ്രദ്ധവേണം: ഡിഎംഒ 
മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രതവേണം.   ഉറവിടനശീകരണം, വ്യക്തിഗത സുരക്ഷാമാർഗങ്ങൾ, മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ  പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top