18 July Thursday

ആറളം ഫാം ഹയർ സെക്കൻഡറി വിദ്യാർഥികൾ യാത്രാ ദുരിതത്തിൽ

സ്വന്തംലേഖകന്‍Updated: Sunday Jun 9, 2019
ഇരിട്ടി
ആറളം ഫാം ജിഎച്ച‌്എസ‌ിലെ പ്ലസ‌് വൺ വിദ്യാർഥികൾ യാത്രാദുരിതത്തിൽ. ആദിവാസി മേഖലയെന്ന പരിഗണനയിൽ സംസ്ഥാനത്ത‌് ഇത്തവണ അനുവദിച്ച ഏക ഹയർ സെക്കൻഡറി സ‌്കൂളാണ‌് ഇത‌്. ആദ്യബാച്ചിൽ 73 പേർ പ്രവേശനം നേടി. യാത്രാ ദുരിതം കാരണം 28 വിദ്യാർഥികൾ സ്‌കൂൾ മാറ്റത്തിന് അപേക്ഷ നൽകി. ഇവിടെ ഹ്യുമാനിറ്റീസ‌്, കൊമേഴ്‌സ‌് ബാച്ചുകളാണ‌് അനുവദിച്ചത‌്. ഫാം സ്‌കൂളിൽ എസ്എസ്എൽസി പാസാകുന്നവർക്ക് പ്ലസ്ടു പഠനത്തിന്     അവസരമില്ലാത്തതിനാലാണ‌്  ഫാം ഹൈസ‌്കൂൾ ഹയർ സെക്കൻഡറിയാക്കിയത‌്. ഈ വർഷം ഇവിടെ 62 വിദ്യാർഥികൾ എസ്എസ്എൽസി വിജയിച്ചു.  പ്ലസ‌് വൺ  രണ്ടാംഘട്ട അലോട്ട്‌മെന്റ‌്  കഴിഞ്ഞപ്പോൾ കൊമേഴ്‌സിൽ 35 പേരും ഹ്യൂമാനിറ്റിസിന് 38 പേരും പ്രവേശനം നേടി.   പ്രവേശനം ലഭിച്ചവരിൽ 38 പേർ ആദിവാസി കുട്ടികളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും വരുന്ന കുട്ടികൾക്ക് കാക്കയങ്ങാട് വഴി ഫാമിലേക്കെത്താൻ അഞ്ച‌് കിലോമീറ്റർ യാത്ര ചെയ്യണം. ആവശ്യത്തിന‌് ബസ്സില്ലാത്ത റൂട്ടാണിത‌്.
തലശേരിയിൽനിന്നും കാക്കയങ്ങാട് വഴി രാവിലെ ഒമ്പതിനാണ‌് ഏക കെഎസ്ആർടിസി ബസ് ഫാമിലേക്കുള്ളത‌്.  വൈകിട്ട് സ്‌കൂൾ വിട്ടാൽ തിരികെ ബസ്സില്ല. നേരത്തെ ഫാമിൽനിന്നും വൈകിട്ട‌് നാലരക്ക‌് പുറപ്പെട്ട  കെഎസ്ആർടിസി ബസ‌്  യാത്രക്കാരില്ലെന്ന കാരണത്തിൽ നിർത്തലാക്കി. ഈ സർവീസ‌് പുനഃസ്ഥാപിക്കുകയോ ആദിവാസി പുനരധിവാസ മിഷൻ ഇടപെട്ട് ബദൽ  യാത്രാ സൗകര്യമുണ്ടാക്കുകയോ ചെയ‌്തെങ്കിലേ വിദ്യാർഥികളുടെ യാത്രാ ദുരിതത്തിന‌് പരിഹാരമാവൂ.
 ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിലാണ‌് ഹയർസെക്കൻറി ബ്ലോക്ക‌് താൽകാലികമായി സജ്ജമാക്കിയത‌്.  നബാർഡ് പദ്ധതിയിൽ പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ നിർമാണമാരംഭിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ നിർമാണവും തുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top