13 June Sunday

കണ്ണൂരിൽ വികസനത്തിന്റെ വിജയം

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
കണ്ണൂർ 
മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായിരുന്ന കണ്ണൂർ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്‌. നാടിന്റെ വികസന–- ക്ഷേമ പ്രവർത്തനങ്ങളിൽ പുതുമാതൃകതീർത്ത അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ മണ്ഡലത്തിൽ നടത്തിയ മികവാർന്ന ഇടപെടലിനാണ്‌ രാമചന്ദ്രൻ കടന്നപ്പള്ളി നേടിയ ഓരോ വോട്ടും. അതിനാൽ തന്നെ ഈ വിജയത്തിന്റെ  മാറ്റേറെയാണ്. 
എടക്കാട്, ചേലോറ, എളയാവൂർ കോർപ്പറേഷൻ സോണലുകളിലും മുണ്ടേരി പഞ്ചായത്തിലും മികച്ച ഭൂരിപക്ഷം നേടിയ എൽഡിഎഫ്‌, യുഡിഎഫ്‌ സ്വാധീനമേഖലയായ പഴയ കണ്ണൂർ നഗരസഭാ പ്രദേശങ്ങളിലും മുന്നേറ്റം നടത്തി. പരമ്പരാഗത യുഡിഎഫ്‌ ശക്തികേന്ദ്രമായിരുന്ന മിക്ക പ്രദേശങ്ങളിലും ഇത്തവണ എൽഡിഎഫ്‌ വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്.
2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ കടന്നപ്പള്ളിയുടെ വോട്ടും ഭൂരിപക്ഷവും വർധിപ്പിക്കാനായി.  കഴിഞ്ഞ തവണ 1196 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കടന്നപ്പള്ളിക്ക്‌ 54,347 വോട്ട്‌ ലഭിച്ചപ്പോൾ യുഡിഎഫിന്റെ സതീശൻ പാച്ചേനിക്ക്‌ 53,151 വോട്ട്‌. എൻഡിഎ സ്ഥാനാർഥി ഗിരീഷ്‌ ബാബു 13,215 വോട്ടു നേടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 47,260 ഉം യുഡിഎഫിന് 70,683 ഉം എൻഡിഎ 9740 ഉം വോട്ട് നേടി. യുഡിഎഫിന്‌ 23,423 വോട്ടിന്റെ വൻ ഭൂരിപക്ഷം. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ഇടതുപക്ഷത്തിനനുകൂലമായ മാറ്റം പ്രകടമായി.  
കോർപ്പറേഷൻ ഭരണം യുഡിഎഫിനു ലഭിച്ചെങ്കിലും  മണ്ഡലത്തിൽ അവരുടെ ഭൂരിപക്ഷം 299 വോട്ടുമാത്രമായിരുന്നു. ഇതു മറികടന്നാണ്‌ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 1745 വോട്ടിന്റെ  ഭൂരിപക്ഷത്തിലേക്കു കുതിച്ചത്‌. രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ട് നേടിയപ്പോൾ യുഡി എഫ്‌ സ്ഥാനാർഥി സതീശൻ പാച്ചേനിക്ക്‌ 58,568 വോട്ട്‌.  എൻഡിഎയുടെ അർച്ചന വണ്ടിച്ചാൽ 11,581 വോട്ട്‌ നേടി. ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപി യുഡിഎഫ്‌ പെട്ടിയിലേക്ക്‌ വൻതോതിൽ വോട്ടു മറിച്ചിട്ടുകൂടിയാണ്‌ കടന്നപ്പള്ളിയുടെ തിളക്കമാർന്ന ജയം. ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഉൾപ്പെടെ എൽഡിഎഫിന്‌ അനുകൂലമായുണ്ടായ മനംമാറ്റം ഇവിടെ പ്രകടമാണ്‌.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top