24 June Thursday

കള്ളക്കേസിൽ നാടുകടത്തിയവരെ തിരികെ കൊണ്ടുവരാൻ പ്രക്ഷോഭം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

തലശേരി

കെട്ടിച്ചമച്ച കേസിന്റെ അടിസ്ഥാനത്തിൽ നാടുകടത്തപ്പെട്ട കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും നീതിക്കായി ബഹുജനപ്രസ്ഥാനം നാട്ടിൽ ഉയർന്നുവരണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കെ പി ആർ ഗോപാലൻ തൂക്കിലേറ്റപ്പെടുമെന്നുവന്നപ്പോൾ ബോൾഷെവിക്‌ വീരൻ കെ പി ആറിനെ വിട്ടുതരികയെന്നാവശ്യപ്പെട്ടുള്ള വലിയ ബഹുജനപ്രസ്ഥാനമാണ്‌ വടക്കേ മലബാറിലുണ്ടായത്‌. അതേ മാതൃകയിൽ നാടുകടത്തപ്പെട്ട നിരപരാധികളുടെ മോചനത്തിനും  നാടിന്റെ പൊതുഅഭിപ്രായം ഉയരണമെന്ന്‌ എം എ ബേബി പറഞ്ഞു. സിപിഐ എം ഏരിയാ കമ്മിറ്റി  സംഘടിപ്പിച്ച ‘നീതിക്കായി ജനതയുടെ കൂട്ടായ്‌മ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
  രണ്ടു പേരുടെ വ്യക്തിപരമായ പ്രശ്‌നമല്ലിത്‌. മനുഷ്യാവകാശത്തിന്റെയും പൗരവാകാശത്തിന്റെയും പ്രശ്‌നമാണ്‌. ഭരണവർഗത്തിന്റെ കൊള്ളരുതായ്മ ചോദ്യംചെയ്‌തവരെ രാജവാഴ്‌ചക്കാലത്ത്‌ നാടുകടത്തുന്ന പതിവുണ്ട്‌. സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയെ നാടുകടത്തിയതാണ്‌. ആധുനിക ജനാധിപത്യ സമൂഹത്തിലാണ്‌ വീണ്ടും രണ്ട്‌ പൊതുപ്രവർത്തകർ നാടുകടത്തപ്പെട്ടത്‌. നിപരാധികളെ കുറ്റം ആരോപിച്ച്‌ കൊലക്കേസ്‌ പ്രതിയാക്കുകയെന്നത്‌ ഹൃദയഭേദകമായ കാര്യമാണ്‌. അതാണിവിടെ സംഭവിച്ചത്‌. അന്വേഷണപ്പിഴവല്ല ബോധപൂർവം കേസിൽപെടുത്തുകയാണ്‌ ചെയ്‌തത്‌. 
ശരിയായ പാതയിൽ അന്വേഷിച്ചിരുന്നെങ്കിൽ യഥാർഥ കൊലയാളികളെ അന്നേ പിടിക്കാമായിരുന്നു. ഞങ്ങളാണ്‌ കൊല നടത്തിയതെന്ന്‌ ആർഎസ്‌എസ്സുകാരനായ സുബീഷ്‌ സമ്മതിക്കുകയും തെളിവ്‌ സിബിഐക്ക്‌ നൽകിയതുമാണ്‌. കിട്ടിയ തെളിവുവച്ച്‌ ചോദ്യംചെയ്യാൻ  തയാറാവുന്നില്ല. ആരോപണ വിധേയരായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സത്യം തെളിയിക്കാൻ  ബ്രെയിൻമാപ്പിങ്ങടക്കമുള്ള ശാസ്‌ത്രീയ പരിശോധനക്ക്‌ സന്നദ്ധമാണെന്ന്‌ അറിയിച്ചിട്ടും അതിനും സിബിഐ ഒരുക്കമല്ല. നാട്‌ അംഗീകരിക്കുന്ന നേതാക്കളെ കൃത്രിമമായി കേസിൽപ്പെടുത്തി പ്രസ്ഥാനത്തെ ദുർബലമാക്കാമെന്നാണ്‌ കരുതുന്നതെങ്കിൽ അത്‌ നടക്കാൻ പോവുന്നില്ല. 
ഭരണസംവിധാനങ്ങൾ എങ്ങനെയാണ്‌ കൊലക്കേസുകളെ രാഷ്ട്രീയ പകപോക്കലിന്‌ ഉപയോഗിക്കുമെന്നതിന്റെ ക്ലാസിക്‌ ഉദാഹരണമാണ്‌ യുഡിഎഫ്‌ ഭരണ കാലത്തുണ്ടായ തൊഴിയൂർ സുനിൽകുമാർ വധക്കേസ്‌‐ എം എ ബേബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top