13 December Friday

കണ്ണൂരിനെ പൊന്നണിയിച്ച ഗു‌സ‌്തിക്കാരി

പി ദിനേശൻUpdated: Friday Nov 8, 2019

തലശേരി

പാലക്കാട‌് കല്ലടി സ്‌കൂളിൽനിന്ന്‌ ഗുസ്‌തിപിടിച്ച്‌ തുടങ്ങിയ എ ശാലിനി ഗോദയിൽ പൊരുതികയറിയിട്ടേയുള്ളൂ. ആ വീറും വാശിയും കണ്ണൂരിലെ കുട്ടികളിലും നിറച്ചപ്പോൾ കൊയ‌്തെടുത്തത‌് സുവർണ നേട്ടങ്ങൾ. ഗോദയിലെ  പാലക്കാടൻ കരുത്തിൽ കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനെ പൊന്നണിയിക്കുകയാണ്‌ അട്ടപ്പാടിക്കാരി എ ശാലിനി. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ സ്‌പോർട്‌സ്‌ ഡിവിഷന്‌ അഞ്ച്‌ സ്വർണവും ഒരു വെള്ളിയും രണ്ട്‌ വെങ്കലവുമാണ‌് ഈ പരിശീലക നേടികൊടുത്തത്‌. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിലെ കെ കെ മൃദുല, പി കെ സോണിയ, ആരതി സന്തോഷ്‌, എസ്‌ ശ്രുതി, എം മഞ്‌ജുഷ എന്നിവരാണ്‌ ഗുസ്‌തിയിൽ ശാലിനി തേച്ചുമിനുക്കിയെടുത്ത സുവർണതാരങ്ങൾ.
2018 ജൂണിലാണ്‌ കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ ഗുസ്‌തികളിച്ചു തുടങ്ങിയത്‌. ഒറ്റവർഷംകൊണ്ട്‌ ഗുസ്‌തിയിലും തിളങ്ങി സ്‌പോർട്‌സ്‌ ഡിവിഷൻ. ക ഴിഞ്ഞ വർഷം സ്‌കൂൾ ഗെയിംസിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമായിരുന്നു. സ്‌പോർട്‌സ്‌ ഡിവിഷന്‌ ഗുസ്‌തിയിൽ ദേശീയതലത്തിൽ ഒരു സ്വർണമെന്നതാണ്‌ ഇപ്പോൾ ശാലിനിയുടെ മനസ്സുനിറയെ.
സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (സായി) തിരുവനന്തപുരം കേന്ദ്രത്തിൽനിന്ന‌് ‘മല്ലയുദ്ധ’ത്തിൽ ഉദിച്ചുയർന്നതാണ‌് എ ശാലിനിയെന്ന താരം. ദേശീയ സ്‌കൂൾ ഗെയിംസിൽ വെങ്കലം, അഖിലേന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ വെള്ളി, ജൂനിയർ നാഷണലിൽ വെങ്കലം തുടങ്ങി നേട്ടങ്ങളുടെ ഗ്രാഫ്‌ പിന്നെ ഉയർന്നു. കണ്ണൂർ മുണ്ടയാട്‌ വേദിയായ ദേശീയ ഗെയിംസ്‌ ഗുസ്‌തിയിൽ ആദ്യ റൗണ്ടിൽ ലീഡ്‌ നേടിയെങ്കിലും നേരിയ വ്യത്യാസത്തിന്‌ അഞ്ചാം സ്ഥാനത്തേക്ക്‌. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ പരിശീലക വേഷത്തിലാണ‌് കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിൽ ഗുസ‌്തി അഭ്യസിപ്പിക്കാനെത്തിയത‌്. 
ജോലി ലഭിക്കുന്നതിന്റെ ആഹ്ലാദം
പട്യാല നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പോർട്‌സിൽനിന്ന്‌ സ്വർണ മെഡലോടെ പരിശീലകയുടെ ഡിപ്ലോമ പൂർത്തിയാക്കിയ ശാലിനി ആഹ്ലാദത്തിലാണിപ്പോൾ. സംസ്ഥാന സർക്കാർ ജോലി നൽകുന്നതിന്‌ തയാറാക്കിയ കായിക താരങ്ങളുടെ പട്ടികയിൽ ഈ അട്ടപ്പാടിക്കാരിയുമുണ്ട്‌. തലശേരി സായി സെന്ററിൽ താമസിച്ച‌്  കണ്ണൂർ എസ്‌എൻ കോളേജിൽ പഠിക്കുന്ന അനുജത്തി ലക്ഷ്‌മിയും ഗോദയിലുണ്ട്‌. ഗുസ‌്തിയിൽ കേരളത്തിന്റെ പ്രതീക്ഷയാണിപ്പോൾ ലക്ഷ്‌മിയും. അഗളിയിലെ മയിൽസ്വാമിയുടെയും തങ്കമ്മയുടെയും മക്കളാണ്‌ എ ശാലിനിയും ലക്ഷ്‌മിയും.
പ്രധാന വാർത്തകൾ
 Top