05 December Thursday

വാളയാർ: പുനരന്വേഷണം വേണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 കണ്ണൂർ

52 ദിവസത്തിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ രണ്ട്‌ മരണങ്ങൾക്കും. വീടിനടുത്തെ ഷെഡ്ഡിൽ തൂങ്ങിനിന്ന ആ രണ്ട്‌ പിഞ്ചുശരീരങ്ങൾ അനുഭവിച്ച വേദനയും നിസ്സഹായതയും  ഹൃദയം നുറങ്ങുന്ന വേദനയോടെയല്ലാതെ ആർക്കും ഓർക്കാനാവില്ല. വാളയാറിൽ മനുഷ്യമൃഗങ്ങൾ മരണത്തിലേക്ക്‌ തള്ളി വിട്ട  സഹോദരിമാർക്ക്‌  മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ്‌ വനിതകൾ കണ്ണൂർ പഴയ ബസ്‌ സ്‌റ്റാൻഡിൽ ഒത്തുകൂടിയത്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ്‌   കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. 
പൊലീസിനും പ്രോസിക്യൂഷനും വീഴ്‌ച പറ്റിയപ്പോഴും പെൺകുഞ്ഞുങ്ങൾക്ക്‌ നീതി നേടിക്കൊടുക്കാൻ പ്രാപ്‌തമായ ഒരു സർക്കാർ കേരളത്തിലുണ്ടെന്ന വിശ്വാസമാണ്‌  കൂട്ടായ്‌മ  പ്രഖ്യാപിച്ചത്‌. പ്രതികളെ രക്ഷപ്പെടുത്താൻ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരാനും അർഹമായ ശിക്ഷ നൽകാനും സർക്കാർ തയ്യാറാവണമെന്ന്‌ അവർ ആവശ്യപ്പെട്ടു. പുനരന്വേഷണമല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ കൂട്ടായ്‌മ പിരിഞ്ഞത്‌. 
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വി  സരള ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത അധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി പി ദിവ്യ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  പി റോസ, കെ ശോഭ, ദിഷ്‌ണ പ്രസാദ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top