05 December Thursday

ശബരിമല തീർഥാടനം ഐആർപിസി ഇടത്താവളം 17ന്‌ മുഴപ്പിലങ്ങാട്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019
മുഴപ്പിലങ്ങാട്
ഐആർപിസിയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർഥാടകർക്കായി 17 മുതൽ മുഴപ്പിലങ്ങാട് കൂർമ്പക്കാവിന് സമീപം  ഇടത്താവളവും ഹെൽപ് ഡസ്കും പ്രവർത്തനം തുടങ്ങും. സ്വാഗതസംഘ രൂപീകരണയോഗം ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനംചെയ്തു. എ പ്രേമരാജൻ അധ്യക്ഷനായി. കഴിഞ്ഞവർഷം ഐആർപിസി നടത്തിയ പ്രവർത്തനത്തിന്റെ സുവനീർ പ്രകാശനം പി ജയരാജൻ, എടക്കാട് ഏരിയാ സെക്രട്ടറി കെ വി ബാലന് നൽകി നിർവഹിച്ചു. 
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ  വാസു, പി ലിസി, കെ ഗിരീശൻ, എം പി ഹാഫിസ്, കെ വി മുഹമ്മദ് അഷ്റഫ്, മണികണ്ഠൻ നായർ, ഡോ. കെ വി രതീഷ്, ഡോ. കെ സി വത്സല, എൻ ഇ പുരുഷോത്തമൻ, കെ ശോഭ, കെ വി പത്മനാഭൻ, പി വി അജിത്കുമാർ എന്നിവർ സംസാരിച്ചു. കെ വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. 
ജില്ലയിൽ ഈ വർഷം മുഴപ്പിലങ്ങാട് മാത്രമാണ് ഐആർപിസി തീർഥാടകർക്കായി ഇടത്താവളമൊരുക്കുന്നത്. ശബരിമലയിലേക്ക് തീർഥാടകർ കൂടുതലായും കടന്നുവരുന്ന വഴിയായതിനാലാണ് ഇവിടെ ഒരുക്കുന്നത്. കഴിഞ്ഞ വർഷവും ഇവിടെ 44 ദിവസം ഹെൽപ് ഡസ്ക് പ്രവർത്തിച്ചിരുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെയും, പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനമുണ്ടാവും. എടക്കാട് ഏരിയയിലെ ഐആർപിസി വളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. രാത്രി വൈകുംവരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും, ആംബുലൻസ് സൗകര്യമൊരുക്കാനും സംവിധാനമുണ്ടാക്കും. ഇതിനായി 170 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികൾ: വി പ്രഭാകരൻ (കൺവീനർ), കെ ഹമീദ്, കെ വി പത്മനാഭൻ, പി വി അജിത്കുമാർ (ജോ. കൺവീനർ), കെ പ്രേമരാജൻ(ചെയർമാൻ), എൻ വി രാജീവൻ, കെ ജനാർദനൻ, ഗംഗാധരൻ (വൈസ്‌ പ്രസിഡന്റ്‌).
പ്രധാന വാർത്തകൾ
 Top