മയ്യിൽ
വെറും ഭംഗിവാക്കുമാത്രമല്ല ‘മലയാളി പൊളിയല്ലേ' എന്നത്. ഇതൊരിക്കൽകൂടി തെളിയിക്കുകയാണ് മയ്യിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആശാവർക്കർ കെ വി ജീജ. രാജസ്ഥാൻ സ്വദേശികൾക്ക് തുണയായി മനുഷ്യസ്നേഹത്തിന്റെ മാതൃക തീർക്കുകയായിരുന്നു കെ വി ജീജ.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് മയ്യിലെ മുനാഫർ ക്വാർട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുന്ന രാജസ്ഥാൻ സ്വദേശിനി റാണീകുമാരി (24)ക്ക് പ്രസവവേദന തുടങ്ങിയത്. ഭർത്താവ് രാംകേസും രണ്ട് കുട്ടികളും ചേർന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോഴാണ് രാംകേസ് ആശാ വർക്കറായ ജീജയെ ഫോണിൽ ബന്ധപ്പെടുന്നത്. വേദനയിൽ ഭാര്യ കരയുകയാണെന്ന് പറഞ്ഞായിരിന്നു ആ ഫോൺ കോൾ.
രാംകേസിന്റെ നിസ്സഹായാവസ്ഥയെ ജീജക്ക് തള്ളാൻ മനസ്സുവന്നില്ല. ആരും തിരിഞ്ഞുനോക്കാതിരുന്ന സാഹചര്യത്തിൽ ജീജയും ജീജയുടെ ഭർത്താവ് ഗിരീഷും ചേർന്നാണ് മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തിച്ചത്. ജീജക്ക് അവരെ തനിച്ചാക്കി പോകാൻ മനസ്സുവന്നില്ല. കുറച്ചുസമയത്തിനകം യുവതി ഒരു ആൺകുഞ്ഞിന് ജീവൻനൽകി. കുഞ്ഞുമായി വാർഡിന് പുറത്തേക്കെത്തിയ ആശുപത്രി ജീവനക്കാർ കുഞ്ഞിനെ ആദ്യം ഏൽപ്പിച്ചത് സ്നേഹ സാന്ത്വനമായി ഒപ്പംനിന്ന ജീജയുടെ കൈകളിലാണ്.
വേറെ പ്രയാസമൊന്നുമില്ലെന്ന് അറിഞ്ഞതോട ജീജയും ഭർത്താവും വീട്ടിലേക്ക് മടങ്ങി. മയ്യിൽ ബമ്മനാച്ചേരിയിലാണ് ജീജയും കുടുംബവും താമസിക്കുന്നത്. 12 വർഷമായി മയ്യിലിൽ ആശാവർക്കറാണ്. മകൾ: രണ്ടാം ക്ലാസുകാരി അനുഗ്രഹ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..