05 December Thursday

അംഗനമാരവർ ആയിരം പേർ

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019

ഒരുമച്ചുവടിന്‌ ആയിരം കാന്തി പയ്യന്നൂർ സെന്റ‌് മേരീസ‌് ഗേൾസ‌് ഹൈസ‌്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാതിരുവാതിര

പയ്യന്നൂർ
സെന്റ‌്മേരീസ‌് ഗേൾസ‌് ഹൈ‌സ‌്കൂളിന്റെ മുറ്റത്ത‌് ആയിരം വിദ്യാർഥിനികൾ ഒരേ താളത്തിലും ലയത്തിലും ചുവടുവച്ചു. സെറ്റ‌്സാരിയുടുത്ത്‌ മുല്ലപ്പൂ ചൂടി ഹൈസ‌്കൂൾ വിദ്യാർഥിനികളും പട്ടുപാവാടയണിഞ്ഞ്‌ യുപി ക്ലാസിലെ വിദ്യാർഥിനികളും അണിനിരന്നപ്പോൾ സംസ്ഥാനത്തെ സ‌്കൂളുകളിലെ ആദ്യമെഗാതിരുവാതിരക്കാണ്‌ പയ്യന്നൂർ സാക്ഷ്യം വഹിച്ചത്‌.  സ‌്കൂൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ‌്കൂളിലെ വിദ്യാർഥിനികളും അധ്യാപകരുമാണ‌് ഒരാഴ‌്ചയ്‌ക്കുള്ളിൽ തിരുവാതിര പരിശീലിപ്പിച്ചത്‌. 
മുഴുവൻ കുട്ടികളെയും ജാതി –-മത പരിഗണനകളില്ലാതെ ഒരുവേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ‌് തിരുവാതിര സംഘടിപ്പിച്ചതെന്ന‌് സ‌്കൂൾ പ്രധാനാധ്യാപിക സിസ‌്റ്റർ ധന്യ പറഞ്ഞു. നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിലവിളക്ക്‌ കൊളുത്തി തുടക്കംകുറിച്ചു. ‘പരമശിവ പാർവതീ വല്ലഭ, ശരണം നീ...’ തുടങ്ങിയ പാട്ടിന‌് താളമിട്ട‌് കുട്ടികൾ അരമണിക്കൂർ  ചുവടുവച്ചു. സിനിമാ സംഗീതസംവിധായകൻ സുദർശനൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി ബാലൻ, കൗൺസിലർ പി വി ദാസൻ എന്നിവരും രക്ഷിതാക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ‌് മെഗാതിരുവാതിരക്ക്‌ സാക്ഷിയായത്‌.
 
 
 

 

പ്രധാന വാർത്തകൾ
 Top