08 December Sunday

4 മുതൽ അഗ്രിഫെസ‌്റ്റ‌് കര്‍ഷകസംഘം ജില്ലാ സമ്മേളനം 28,29ന്‌ മട്ടന്നൂരില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
മട്ടന്നൂർ
കർഷകസംഘം  ജില്ലാ സമ്മേളനം 28,29 തിയതികളിൽ മട്ടന്നൂരിൽ നടക്കും. പ്രതിനിധിസമ്മേളനം 28ന്‌ രാവിലെ പത്തിന്‌ സി എസ്‌ ബാബു നഗറിൽ (കൈലാസ്‌ ഓഡിറ്റോറിയം)  അഖിലേന്ത്യാ കിസാൻ കൗൺസിൽ കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. പതാകദിനം  ഏഴിന്‌ ആചരിക്കും. മട്ടന്നൂർ ഏരിയയിലെ എല്ലാ യൂണിറ്റുകളിലും കർഷകസംഘം ഭാരവാഹികളുടെ വീടുകളിലും പതാക ഉയർത്തും. സമ്മേളന നഗരിയിലേക്കുള്ള പതാക തില്ലങ്കേരി രക്തസാക്ഷി മന്ദിരത്തിൽനിന്നും കൊടിമരം പഴശ്ശി രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽനിന്നും കൊണ്ടുവരും. സമ്മേളന ഫണ്ട്‌ പ്രവർത്തകർ വീടുകയറിയാണ്‌ ശേഖരിക്കുക. ഭക്ഷണത്തിനാവശ്യമായ അരി മരുതായിയിൽ ജൈവകൃഷി ചെയ്‌ത്‌ ശേഖരിച്ചിട്ടുണ്ട്‌. മറ്റ്‌ ഭക്ഷ്യവസ്‌തുക്കൾ 26ന്‌ ഉൽപ്പന്നപിരിവിലൂടെ ശേഖരിക്കും.
‘വ്യാപാര കരാറുകളും കാർഷിക മേഖലയും’ എന്ന വിഷയത്തിൽ ചാലോടും ‘കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും’ എന്ന വിഷയത്തിൽ ഉരുവച്ചാലിലും സെമിനാറുകൾ നടക്കും. ശ്രീകണ്‌ഠപുരത്ത്‌ ചരിത്ര സെമിനാറും.14 മുതൽ ഡിസംബർ രണ്ടുവരെ കാർഷിക, വ്യവസായിക, ആരോഗ്യ, വിദ്യാഭ്യാസ, ശാസ്‌ത്ര പ്രദർശനം (അഗ്രിഫെസ്‌റ്റ്‌) നടക്കും. ഇരിട്ടി റോഡിൽ പെട്രോൾ പമ്പിന്‌ സമീപമാണ്‌ പ്രദർശനം. 14ന്‌ വൈകിട്ട്‌ അഞ്ചിന്‌ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്‌ഘാടനം ചെയ്യും.  വിവിധ കാർഷിക ഫാമുകളുടെ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന സ്‌റ്റാളുകളും സർക്കാർ സ്ഥാപനങ്ങളുടെ പവലിയനുകളും ഉണ്ടാകും. ഭക്ഷ്യമേളയും അമ്യൂസ്‌മെന്റ്‌ പാർക്കുമുണ്ട്‌. വിവിധ ദിവസങ്ങളിലായി സെമിനാറുകളും കലാ പരിപാടികളുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി പുരുഷോത്തമൻ, കൺവീനർ കെ സി മനോജ്‌, എൻ വി ചന്ദ്രബാബു,  സി വി ശശീന്ദ്രൻ,  കെ ഭാസ്‌കരൻ, വി കെ സുഗതൻ, പ്രശാന്ത്‌ കുട്ടാമ്പള്ളി എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top