26 September Saturday

ജാഗ്രതയോടെ ജീവനക്കാർ വൈദ്യുതി മേഖലയ്‌ക്കും കനത്ത നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
കണ്ണൂർ
ചൊവ്വാഴ്‌ച രാത്രി ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിൽ വൈദ്യുതി ബോർഡിനും കനത്ത നഷ്ടം. മഴ കനക്കുമെന്ന മുന്നറിയിപ്പിനെതുടർന്ന്‌ കെഎസ്‌ഇബി താഴ്‌ന്ന പ്രദേശങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും അർധരാത്രിയോടെയുണ്ടായ കാറ്റ്‌ വൻ പ്രതിസന്ധി സൃഷ്ടിച്ചു. ലൈനിൽ മരങ്ങൾ വീണ്‌  ഏതാണ്ടെല്ലാ പ്രദേശങ്ങളും ഇരുട്ടിലായി. 
രാത്രി വൈകിയതിനാൽ പലേടത്തും ലൈനുകൾ  പൊട്ടിവീണത്  അറിയാൻ സാധിക്കാത്തത് അപകടഭീതി വർധിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ലഭ്യമായ വിവരങ്ങൾവച്ച് പൊട്ടിവീണ സ്ഥലങ്ങളിൽ വൈദ്യുതിബന്ധം വേർപെടുത്താനും  പ്രധാന ഫീഡറുകൾ ചാർജ് ചെയ്യാനും ജീവനക്കാർ പരിശ്രമിച്ചത്‌ പുതിയ അനുഭവമായി.
  ജില്ലയിലാകെ 97 എച്ച്‌ടി പോസ്‌റ്റുകളും 631 എൽടി പോസ്‌റ്റുകളും തകർന്നു. 3.5 കിലോമീറ്റർ എച്ച്‌ടി ലൈൻ പൊട്ടിവീണു. എൽടി ലൈൻ പൊട്ടിയത്‌ 46 കിലോമീറ്റർ. ഒരു ട്രാൻസ്‌ഫോമറും തകരാറിലായി. 16 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചതായാണ്‌ കെഎസ്‌ഇബിയുടെ കണക്ക്‌. മൊത്തം 1.06 കോടിയുടെ നഷ്ടം സംഭവിച്ചു.      വിദഗ്‌ധരായ കരാർ ജീവനക്കാരുടെ ഉൾപ്പെടെ സേവനം ലഭ്യമാക്കി ബുധനാഴ്‌ച രാവിലെ മുതൽതന്നെ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കാൻ  കഴിഞ്ഞു. 610 സ്ഥലങ്ങളിൽ പൊട്ടിവീണ മരക്കൊമ്പുകൾ ഒറ്റദിവസം കൊണ്ട്‌ നീക്കംചെയ്‌തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ജീവനക്കാരുടെ കുറവ് വലിയ പ്രയാസം സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു.     കണ്ണൂർ നഗരത്തിൽ 11 കെവി ഫീഡറുകൾ തകർന്നതിനെ തുടർന്ന് വ്യാപകമായി വൈദ്യുതി മുടക്കമുണ്ടായി. കലക്ടറേറ്റ്, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ എന്നിവിടങ്ങളിൽ ഉച്ചയോടെയാണ് വൈദ്യുതിയെത്തിയത്. 
പോസ്റ്റ് തകർന്നതിനാൽ ജില്ലാ ആശുപത്രിയിലും വൈദ്യുതി നിലച്ചു. അതേസമയം ഭൂഗർഭ കേബിൾ പ്രവൃത്തി പൂർത്തിയാക്കിയ കക്കാട്, കണ്ണാത്തുംചാൽ ഭാഗങ്ങളിൽ വലിയ തടസ്സം നേരിട്ടില്ല. ഈ ഭാഗങ്ങളിൽ എൽടി ലൈനുകളിൽ മരം വീണ സ്ഥലങ്ങളിൽ മാത്രമാണ് വൈദ്യുതി മുടങ്ങിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top