28 May Thursday

ഭൂരിപക്ഷം നഷ്ടമായ മേയർ കോവിഡിനെ മറയാക്കേണ്ട: കെ പി സഹദേവൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കണ്ണൂർ
ഭൂരിപക്ഷം നഷ്ടമായിട്ടും കോവിഡിനെ മറയാക്കി അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള കണ്ണൂർ കോർപ്പറേഷൻ മേയറുടെ ശ്രമം അംഗീകരിക്കാനാവില്ലെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ പ്രസ്‌താവനയിൽ പറഞ്ഞു. സ്വന്തം വികൃത മുഖം കണ്ണാടിയിൽ കാണുമ്പോഴുള്ള വൈക്ലബ്യമാണ്‌ അവിശ്വാസ പ്രമേയം സംബന്ധിച്ച യുഡിഎഫ്‌ നേതാക്കളുടെ പ്രതികരണത്തിൽ തെളിയുന്നത്‌. 
എൽഡിഎഫ്‌ തീരുമാനപ്രകാരമാണ്‌ മേയർക്കെതിരെ അവിശ്വാസത്തിനു നോട്ടീസ്‌ നൽകിയത്‌. പ്രമേയം ഏപ്രിൽ 15ന്‌ നിയമാനുസൃതം ചർച്ച ചെയ്യാമെന്ന്‌ വരണാധികാരിയായ കലക്ടർ  വ്യക്തമാക്കിയിട്ടുമുണ്ട്‌. ജനാധിപത്യ വ്യവസ്ഥയിൽ ഭൂരിപക്ഷമില്ലെന്നു കണ്ടാൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിൽ അസ്വാഭാവികതയില്ല. ഭൂരിപക്ഷമില്ലെന്നു തെളിഞ്ഞിട്ടും ഭരണത്തിൽ കടിച്ചുതൂങ്ങുന്നത്‌ എന്തിനെന്ന്‌ യുഡിഎഫ്‌ നേതാക്കൾ വിശദീകരിക്കണം.  
എൽഡിഎഫ്‌ കൗൺസിലർ ടി എം കുട്ടികൃഷ്‌ണൻ അന്തരിച്ചപ്പോൾ മൃതദേഹം ചിതയിലേക്കെടുക്കുന്നതിനു മുമ്പേ അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചവർ ഇപ്പോൾ ധാർമികതയുടെ കാര്യം പറയുന്നത്‌ കൗതുകകരമാണ്‌.  
ഭൂരിപക്ഷം നഷ്ടപ്പെട്ട, കോവിഡ്‌ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽപോലും സങ്കുചിത രാഷ്‌ട്രീയം കലർത്തിയ മേയർക്ക്‌ ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കുന്നതിന്‌ ആറുമാസം മുമ്പുവേണം അവിശ്വാസപ്രമേയം കൊണ്ടുവരാനെന്ന സാങ്കേതിക പ്രശ്‌നംകൂടി കണക്കിലെടുത്താണ്‌ ഇപ്പോൾ നോട്ടീസ്‌ നൽകിയത്‌. ജനാധിപത്യമര്യാദയുടെ കണികയെങ്കിലുമുണ്ടെങ്കിൽ ഡെപ്യൂട്ടി മേയർ പുറത്തായപ്പോൾ തന്നെ മേയറും രാജിവയ്‌ക്കേണ്ടതായിരുന്നു.  
അട്ടിമറിയിലൂടെ എൽഡിഎഫിൽനിന്ന്‌ ഭരണം പിടിച്ചെടുത്ത ശേഷം മേയർസ്ഥാനം ആദ്യ ആറുമാസം കോൺഗ്രസിനും പിന്നീട്‌ മുസ്ലിംലീഗിനുമെന്നാണ്‌ യുഡിഎഫ്‌ നേതൃത്വം വ്യക്തമാക്കിയത്‌. ആറുമാസം കഴിഞ്ഞിട്ടും എന്തുകൊണ്ട്‌ മേയർസ്ഥാനം ലീഗിനു വിട്ടുകൊടുക്കാൻ കോൺഗ്രസ്‌ കൂട്ടാക്കുന്നില്ലെന്നും കെ പി സഹദേവൻ ചോദിച്ചു.
പ്രധാന വാർത്തകൾ
 Top