02 June Tuesday

5 പേർ രോഗമുക്തരായി; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
പരിയാരം
കൊറോണ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്‌ നേട്ടം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പോസിറ്റീവ് കേസുകൾ ചികിത്സയിലൂടെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയിൽ ആദ്യം വൈറസ്‌ ബാധ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയും രണ്ടു ദിവസംമുമ്പ് കാസർകോട്ടെ രണ്ടുപേരും ഞായറാഴ്ച രണ്ടു പേരുമാണ് ആശുപത്രി വിട്ടത്. ഞായറാഴ്ച ഡിസ്ചാർജ്ചെയ്തവരും കാസർകോട് സ്വദേശികളാണ്. മരുന്നും കൃത്യമായ പരിചരണവും ലഭ്യമാക്കിയതിലൂടെയാണ്‌ ഇവരെ താമസിയാതെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത്‌. കോവിഡ്‌–-19 ബാധിച്ച്‌ 18 പേർ ഇപ്പോഴും ഐസൊലേഷൻ വാർഡുകളിലുണ്ട്. ആരും അപകടനിലയിലുള്ളവരല്ല.  മികച്ച പ്രവർത്തനമാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തിനായി കാഴ്ചവയ്‌ക്കുന്നത്. ഗർഭിണികൾക്കായി പ്രത്യേക വാർഡുകളും  ലേബർ റൂമുകളുമുണ്ട്. കുട്ടികൾക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്‌.  ചികിത്സയിലേർപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമായി സമീപത്തെ നാലു ലോഡ്‌ജുകളാണ് ഏറ്റെടുത്തിട്ടുള്ളത്.  കൊറോണ വാർഡിലുള്ള എല്ലാ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. അഞ്ഞൂറോളം പേർക്കാണ് സമൂഹ അടുക്കളയിൽ ദിവസേന ഭക്ഷണമൊരുക്കുന്നത്. ചൊവ്വാഴ്ചമുതൽ വൈറോളജി ലാബും ഇവിടെ പ്രവർത്തിക്കും.  പ്രിൻസിപ്പൽ ഡോക്ടർ എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ സുദീപ്, നോഡൽ ഓഫീസർ ഡോക്ടർ എ കെ ജയശ്രീ എന്നിവരാണ് നേതൃത്വം നൽകുന്നത്.
പ്രധാന വാർത്തകൾ
 Top