13 December Friday

പത്തായം പറയും ഇനി സഖാവിന്റെ ജീവിത കഥ

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2019

പയ്യന്നൂർ

സഖാവ്‌ പി കൃഷ‌്ണപിള്ള മലബാറിലെ ഒളിവുജീവിതത്തിനിടെ അന്തിയുറങ്ങിയ പത്തായം ഇനി പയ്യന്നൂരിലെ ഗാന്ധി സ‌്മൃതി മ്യൂസിയത്തിലെ ചരിത്ര നിധി. കരിവെള്ളൂർ തെക്കെമണക്കാട്ടെ മന്ദ്യൻ വീട്ടിലെത്തി പത്തായം  മ്യൂസിയം പ്രവർത്തകർ ഏറ്റുവാങ്ങി. പി കൃഷ്‌ണപിള്ള 1945﹣-ലാണ‌് കരിവെള്ളൂരിലെത്തിയത‌്. എ വി കുഞ്ഞമ്പുവാണ‌് സഖാവിനെ തോട്ടോൻ വീട്ടിൽ കൃഷ‌്ണന്റെ തറവാട്ടിലെത്തിച്ചത‌്. കമ്യൂണിസ‌്റ്റ‌് പാർടിയുടെയും കർഷകസംഘത്തിന്റെയും  പ്രവർത്തകനായിരുന്ന കൃഷ‌്ണന്റെ  ചുമതല രഹസ്യസർകുലറുകൾ നേതാക്കൾക്കെത്തിക്കുകയായിരുന്നു.  എ വി കുഞ്ഞമ്പുവാണ്‌
കൃഷ‌്ണപിള്ളയെ സംരക്ഷിക്കാൻ  കൃഷ‌്ണനെ ചുമതലപ്പെടുത്തിയത്‌. മൂന്ന‌് ദിവസം കൃഷ്‌ണപിള്ള ഇവിടെ ഒളിവിൽ  കഴിഞ്ഞു.  തറവാട‌് ഭാഗം വെച്ചപ്പോൾ  കൃഷ‌്ണപിള്ള  ഉറങ്ങിയ പത്തായം മാത്രമാണ‌് കൃഷ്‌ണൻ തന്റെ വിഹിതമായി ആവശ്യപ്പെട്ടത‌്. പിന്നീട‌് തെക്കെമണക്കാട്ടെ  വീട്ടിൽ കൃഷ‌്ണൻ പത്തായം നിധിപോലെ സൂക്ഷിച്ചു. 15 വർഷം മുമ്പ‌് മരണസമയത്ത്‌  ഭാര്യ മന്ദൻവീട്ടിൽ പാർവതിയമ്മയോട‌്  പത്തായം കണ്ണിലെ കൃഷ‌്ണമണിപോലെ സൂക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 29ന‌്  മരിക്കുന്നത‌് വരെയും പത്തായത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു പാർവതിയമ്മ. പിന്നീട‌് മക്കളായ എം വി ദാമോദരനും വിജയനും ശശീന്ദ്രനും  ഒന്നര നൂറ്റാണ്ട‌് പഴക്കമുള്ള പത്തായം സംരക്ഷിച്ചു. ഇതിനിടെയാണ്‌  പയ്യന്നൂരിലെ ഗാന്ധിസ‌്മൃതി മ്യൂസിയം ശിൽപശാല  പത്തായം ഏറ്റെടുക്കാൻ തീരുമാനിച്ചത‌്.  തെക്കെമണക്കാട്ടെ മന്ദ്യൻവീട്ടിൽ നടന്ന ചടങ്ങിൽ കൃഷ‌്ണന്റെ മകൻ വിജയനിൽനിന്നും പയ്യന്നൂർ കുഞ്ഞിരാമൻ പത്തായം നൽകുന്നതിന്റെ സമ്മതപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്തംഗം എ കെ ഗിരീഷ‌്കുമാർ അധ്യക്ഷനായി. കെ നാരായണൻ, എം വി അപ്പുക്കുട്ടൻ,  പഞ്ചായത്ത‌് സെക്രട്ടറി കെ വി സതീശൻ,  കേരള മ്യൂസിയം പ്രവർത്തകരായ റൂപിൻ, മാത്യു പയ്യന്നൂർ കോളേജിലെ ചരിത്രവിദ്യാർഥികളായ അശ്വതി, വൈശാഖ‌്, നിർമൽ എന്നിവർ സംസാരിച്ചു. അക്കാളത്ത‌് സുകുമാരൻ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top