20 June Thursday

നിപാ പ്രതിരോധം: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍

സ്വന്തം ലേഖികUpdated: Wednesday Jun 5, 2019
കണ്ണൂർ
ഏറണാകുളം ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലയിലും പ്രതിരോധം ഏർപ്പെടുത്തി.  ജില്ലാ ആശുപത്രി,  തലശേരി ജനറൽ ആശുപത്രി, പരിയാരം ഗവ: മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ  ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുവാൻ നിർദ്ദേശം നൽകി. സംശയാസ്പദമായ കേസുകളുടെ സാംപിളുകൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്നതിനുള്ള സൗകര്യം പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തി. നിപ പ്രതിരോധത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിലും ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ‘റാപ്പിഡ് റെസ്പോൺസ് ടീം’ രൂപീകരിച്ചു. 
ജില്ലാ നോഡൽ ഓഫീസറായി  ഡോ. എൻ അഭിലാഷിനെ നിയോഗിച്ചു.  തലശേരി ആശുപത്രിയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല  ഡോ. കെ സി അനീഷിന് നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണനായ‌്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രതിരോധം വിലയിരുത്തി. 
ആശുപത്രികളിൽ പനിയുമായി വരുന്ന രോഗികൾക്ക് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട‌്. എല്ലാ കീഴ്ഘടക സ്ഥാപനങ്ങളും അവരവരുടെ പരിധിയിലുള്ള സ്വകാര്യ ആശുപത്രികളിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം (എഇഎസ്), അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർഡിഎസ്) കേസുകൾ അതാത് ദിവസം തന്നെ ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഐഡിഎസ് പി വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശം നൽകി.
ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികൾക്ക് ജില്ലാതലത്തിൽ ബോധവത‌്കരണം നടത്താൻ തീരുമാനിച്ചു. ആശുപത്രി ജീവനക്കാർക്ക് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്സ് നടത്തും. 
നിപ രോഗലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും അണുബാധ തടയുന്നതിന് ശരിയായ കൈകഴുകൽ രീതിയുടെ ആവശ്യകതയെക്കുറിച്ചും ഫീൽഡ് വിഭാഗം ജീവനക്കാർ മുഖേന പൊതുജനങ്ങൾക്കിടയിൽ  ബോധവൽക്കരണം നടത്തും. പനിയോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ ഉള്ളവർ പൊതുജനസമ്പർക്കം ഒഴിവാക്കി എത്രയും പെട്ടെന്ന് ചികിത്സ തേടണം. 
ജില്ലാ/ ജനറൽ ആശുപത്രികളിൽ ലഭ്യമായ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് (പിപിഇ) കിറ്റുകൾ ഡോക്ടർമാരും മറ്റ് പാരാമെഡിക്കൽ  ജീവനക്കാരും ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനും, ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പുതിയ കിറ്റുകൾ വാങ്ങാനും നിർദേശം നൽകി. എല്ലാ ആശുപത്രികളിലും അടിയന്തിര ഘട്ടങ്ങളെ നേരിടാനായി ആംബുലൻസ് സജ്ജമാക്കാൻ നിർദ്ദേശം നൽകി. ആശുപത്രികളിൽ സന്ദർശകരെ നിയന്ത്രിക്കണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ജീവനക്കാർക്ക് ലീവ് അനുവദിക്കുകയുള്ളൂ. നിപ വൈറസ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരുണ്ടെങ്കിൽ അവരുടെ  വിശദവിവരങ്ങൾ അതാത് സ്ഥലത്തെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ  ഫീൽഡ് വിഭാഗം ജീവനക്കാർ ഊർജിതമാക്കണം. 
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഡോ. എം കെ ഷാജ്, ജില്ലാ സർവെയൻസ് ഓഫീസർ –- 9447256458 ഡോ. എൻ അഭിലാഷ്, ജില്ലാ നോഡൽ ഓഫീസർ 9-961730233 എന്നീ നമ്പറിൽ ബന്ധപ്പെടാം. 
യോഗത്തിൽ ജില്ലാ സർവെയ‌്‌ലൻസ് ഓഫീസർ ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ്,  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ  രാജീവൻ, തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട്, ജില്ലാ നോഡൽ ഓഫീസർ ഡോ. എൻ അഭിലാഷ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.ഇ മോഹനൻ, ഡോ. കെ ടി രേഖ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. പി എം  ജ്യോതി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ബി സന്തോഷ്, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ (ആർദ്രം) ഡോ. കെ സി സച്ചിൻ,  ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top