കണ്ണൂർ
പുതിയ തലമുറ കാർഷികമേഖലയിൽനിന്ന് അകലുന്നുവെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിച്ച് കുട്ടി കർഷകരുടെ സംഗമം. നാളെയുടെ കാർഷിക ഭാവി ഇവരിൽ ഭദ്രം. സംഗമത്തിൽ ഇവർ പങ്കുവച്ച ആശയങ്ങളും കൃഷിരീതികളും മുതിർന്നവരെ പോലും അതിശയിപ്പിക്കുന്നതാണ്. ജൈവം, സംയോജിതം, ആധുനികം തുടങ്ങിയ കൃഷിരീതികളെല്ലാം പഠിച്ചാണ് ഇവർ സംഗമത്തിനെത്തിയത്. പരമ്പരാഗതമായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരുടെ കുടുംബത്തിൽനിന്നുള്ളവർക്കൊപ്പം താൽപര്യം കൊണ്ടെത്തിയവരുമുണ്ട്.കൗതുക ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ച് ഇവർ സംഗമം സജീവമാക്കി..
ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കൃഷി വകുപ്പ് അസിസ്‌റ്റന്റ് ഡയറക്ടർ ബേബി റീന അധ്യക്ഷയായി. മലപ്പട്ടം പ്രഭാകരൻ കാർഷിക ക്വിസ് അവതരിപ്പിച്ചു. ടി വേണുഗോപാലൻ സ്വാഗതവും പ്രമോദ് കരുവാരത്ത് നന്ദിയും പറഞ്ഞു. പുഷ്‌പറാണി, പുഷ്‌പരാജ, പുഞ്ചിരി മത്സരവും നടന്നു.
പുഷ്‌പോത്സവത്തിൽ ഇന്ന്
രാവിലെ 10ന് മൈലാഞ്ചിയിടൽ മത്സരം(സ്‌ത്രീകൾ). വൈകിട്ട് 6.30ന് മെഗാ തിരുവാതിരയും കലാസന്ധ്യയും.
നാളെ സമാപിക്കും
കണ്ണൂരിന്റെ വസന്തോത്സവമായ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് അഞ്ചിന് കണ്ണൂർ പൊലീസ് മൈതാനിയിൽ സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചി ഇടൽ, കൊട്ട -–- ഓലമെടയൽ, പുഷ്പരാജ- –- റാണി–-പുഞ്ചിരി, ഫോട്ടോഗ്രാഫി മത്സരവിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..