19 February Tuesday

മതതീവ്രവാദത്തിനെതിരെ ജാഗ്രതയുമായി ഡിവൈഎഫ്ഐ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

ഡിവൈഎഫ‌്ഐ സംഘടിപ്പിച്ച സെമിനാർ എ എൻ ഷംസീർ എംഎൽഎ ഉദ‌്ഘാടനം ചെയ്യുന്നു

കണ്ണൂർ
മനുഷ്യനെ സ്നേഹിക്കാനും പഠിക്കാനും അറിവ് നേടാനും അഭ്യർഥിച്ച പ്രവാചകന്റെ പേരിലുള്ള മതത്തെ തീവ്രവാദത്തിനുപയോഗിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന ആഹ്വാനവുമായി  ഡിവൈഎഫ്ഐ സെമിനാർ.  'രാഷ്ട്രീയ  ഇസ്ലാമിസം സാർവദേശീയതലത്തിലും  ഇന്ത്യയിലും' എന്ന വിഷയത്തിൽ  ചേമ്പർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ വാർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമായി. വിവിധ രാജ്യങ്ങളിലെ  പുരോഗമന‐ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്നതിന‌് അമേരിക്ക ഇസ്ലാം തീവ്രവാദത്തെ ഉപയോഗിക്കുന്നതിന്റെ വ്യക്തമായ ചിത്രം സെമിനാറിൽ സംസാരിച്ചവർ തുറന്നു കാട്ടി. ആർഎസ്എസ്സിനെ പോലെ   ജമാഅത്തെ ഇസ്ലാമിയും അപകടകരമാണെന്നും ഇവ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ പറഞ്ഞു. പഠിക്കാനും അറിവ് നേടാനും അഭ്യർഥിച്ച പ്രവാചകന്റെ പേരിൽ സംഘടിച്ച പോപ്പുലർ ഫ്രണ്ടാണ് മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന പാവപ്പെട്ട വിദ്യാർഥിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭരണകൂടമുണ്ടെങ്കിൽ അതിലെ നിയമവ്യവസ്ഥകളെ അനുസരിക്കാൻ തയ്യാറാവണമെന്നാണ് പ്രവാചകൻ പറഞ്ഞത്. അവരാണ് ആളെകൊല്ലാനും അധ്യാപകന്റെ കൈവെട്ടാനും പരിശീലിപ്പിക്കുന്നത്﹣ ഷംസീർ പറഞ്ഞു.   
നവ ഉദാരവൽകരണകാലത്ത്  സാമ്രാജ്യത്വവിരുദ്ധ ക്ഷേമരാജ്യങ്ങളെ തകർക്കുക എന്ന സിഐഎ ലക്ഷ്യമാണ്   രാഷ്ട്രീയ ഇസ്ലാമിസം നിർവഹിക്കുന്നതെന്ന്  വിഷയം അവതരിപ്പിച്ച കോഴിക്കോട് കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. മുസ്ലിം ബ്രദർഹുഡ്ഡിന്റെ  വിവിധ രൂപാന്തരങ്ങളാണ് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ. ഇറാനിൽ, ഇന്തോനേഷ്യയിൽ, അഫ്ഗാനിസ്ഥാനിൽ പുരോഗമനസർക്കാരുകളെ അട്ടിമറിച്ചത് എങ്ങനെയൊക്കെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ  സർക്കാരിനെ തകർക്കാൻ ഒസാമ ബിൻലാദനെ അമേരിക്കൻ സിഐഎയാണ് സൃഷ്ടിച്ചത്. ഇപ്പോൾ സിറിയയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനായി കേരളത്തിൽനിന്ന് പോലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു.  
 പ്രകൃതിവാതക നിക്ഷേപകേന്ദ്രമായ ഖത്തറിൽനിന്നും സൗദിയിൽനിന്നും പെട്രോൾ ഡോളർ വാങ്ങിയാണ്  ഇതേ സംഘടന ഇവിടെ ഗെയിലിനെതിരെ സമരത്തിനിറങ്ങുന്നത്.  പ്രകൃതി സംരക്ഷണവും ദളിത‌് പ്രശ്നവും മനുഷ്യാവകാശപ്രശ്നങ്ങളും കാലത്തിനനുസരിച്ച് ഉയർത്തിയാണ് ജനങ്ങളിൽ സ്വധാനമുറപ്പിക്കുന്നത്. വിദ്യാസമ്പന്നരായ യുവാക്കളെ ഓൺലൈൻ വഴിയും സ്വാധീനിക്കുന്നു. അതേസമയം മറുഭാഗത്ത്  മതത്തിന്റെ പേരിൽ അക്രമവുംകൊലപാതകങ്ങളും ആയുധപരിശീലനവും സംഘടിപ്പിക്കുന്നു‐ കുഞ്ഞിക്കണ്ണൻ പറഞ്ഞു.  എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി കമ്മിറ്റി അംഗം നിതീഷ് നാരായണനും സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം ഷാജിർ  അധ്യക്ഷനായി. സെക്രട്ടറി വി കെ സനോജ് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top