15 May Saturday

ജാഗ്രതയുടെ നൃത്തച്ചുവടുമായി 
വനിതാ ഡോക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോവിഡിനെതിരെ നൃത്ത സന്ദേശമൊരുക്കിയ വനിതാ ഡോക്ടർമാർ

കണ്ണൂർ

ഒരു വർഷത്തിലധികമായി തുടരുന്ന കോവിഡ്‌ ഡ്യൂട്ടി. അനുദിനം ഉയരുന്ന കോവിഡ്‌ കേസുകൾ. ജാഗ്രത അയഞ്ഞുപോകുമ്പോഴുണ്ടാകുന്ന വൻ വ്യാപനങ്ങളുടെ നേർക്കാഴ്‌ചകൾ. കോവിഡ്‌ ചികിത്സാരംഗത്തെ നേരനുഭവങ്ങൾ ചേർത്തുവച്ച്‌ കണ്ണൂർ ജില്ലയിലെ വനിതാ ഡോക്ടർമാർ വേറിട്ടൊരു ബോധവൽക്കരണവുമായാണ്‌ സമൂഹത്തിലേക്കിറങ്ങുന്നത്‌. സമൂഹം പിന്തുടരേണ്ട ജാഗ്രതയുടെ ചുവടുകളുമായുള്ള നൃത്തസന്ദേശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. 
     ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്നൊരുക്കിയ വീഡിയോയിൽ ആറ്‌ വനിതാ ഡോക്ടർമാരാണ്‌ നൃത്തച്ചുവടുകളുമായെത്തുന്നത്‌. മോറാഴ പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ദൃശ്യ, ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇഎൻടി വിഭാഗത്തിലെ ഡോ. ഭാവന, വളപട്ടണം എഫ്‌എച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റിസ്‌റ്റ്‌ ഡോ. രാഖി എന്നിവരാണ്‌ വീഡിയോയിലുള്ളത്‌. കെജിഎംഎഒ വനിതാവിഭാഗമായ ‘ജ്വാല’യിലെ അംഗങ്ങളാണിവർ. ഡോ. എ എസ്‌ പ്രശാന്ത്‌കുമാറാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌. 
   മികച്ച പ്രതികരണമാണ്‌ വീഡിയോയ്‌ക്ക്‌ ലഭിക്കുന്നതെന്ന്‌ ഡോ.മൃദുല പറഞ്ഞു. വാക്‌സിനെടുത്താലും ജാഗ്രതവേണമെന്നും വൻ വ്യാപനം വരാനിരിക്കുന്നുവെന്നും പറയാനാണ്‌ വീഡിയോ ഒരുക്കിയത്‌. ഒരു വർഷമായി മാറ്റിവച്ച നൃത്തജീവിതത്തിലേക്കുള്ള തിരിച്ചുപോക്കുകൂടിയായിരുന്നു ഞങ്ങൾക്കിത്‌–- ഡോ. മൃദുല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top