21 July Sunday

തലയെടുപ്പോടെ ക്രൈസ്‌റ്റ്‌ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

തലശേരി ക്രൈസ്‌റ്റ്‌ കോളേജ്‌

തലശേരി

സമാന്തര വിദ്യാഭ്യാസരംഗത്ത്‌ വടക്കൻ കേരളത്തിന്റെ അഭിമാനസ്‌തംഭമാണ്‌ തലശേരി ക്രൈസ്‌റ്റ്‌ കോളേജ്‌. 18 ബിരുദ–-ബിരുദാനന്തര കോഴ്‌സിലായി രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം. ഈ വർഷം മുതൽ കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ വിഷയങ്ങളിൽ പ്ലസ്‌വൺ കോഴ്‌സും തുടങ്ങുകയാണ്‌. 43 വർഷത്തെ പാരമ്പര്യവുമായി പതിനായിരങ്ങൾക്ക്‌ അറിവിന്റെയും ജീവിതത്തിന്റെയും നല്ലപാഠം പകർന്ന കലാലയം വളർച്ചയുടെ പുതുചുവടുകൾ കയറുകയാണ്‌.   
  പാരലൽ കോളേജുകളിലെ ചൂഷണത്തിനെതിരെ, പുരോഗമന ആശയക്കാരായ ഒരുകൂട്ടം അഭ്യസ്‌തവിദ്യർ ചേർന്ന്‌ ആരംഭിച്ചതാണ്‌ കോളേജ്‌. തലശേരി എഡ്യുക്കേഷണൽ ആൻഡ്‌ കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ്‌ പടിപടിയായി വളർന്നു. കൊള്ള്യൻ രാഘവൻ പ്രസിഡന്റും പി സുരേഷ്‌ സെക്രട്ടറിയുമായ കമ്മിറ്റിയായിരുന്നു തുടക്കത്തിൽ. 
തലശേരി കടൽപ്പാലത്തിനടുത്ത പാണ്ടികശാലയിൽ സമാന്തരവിദ്യാഭ്യാസത്തിന്റെ കരുത്തും കാമ്പുമുള്ള മാതൃകയായി ക്രൈസ്‌റ്റ്‌ വികസിച്ചു. പിന്നീട്‌ തലശേരി ടൗൺഹാളിനടുത്ത്‌ സ്വന്തമായി മൂന്നുനില കെട്ടിടമുള്ള ക്യാമ്പസിലേക്ക്‌ മാറി. 
വേറിട്ട പഠനാന്തരീക്ഷം
ഏതൊരു സ്വകാര്യകോളേജിനോടും കിടപിടിക്കുന്ന അടിസ്ഥാന സൗകര്യമാണ്‌ ക്രൈസ്‌റ്റിന്റെ പ്രത്യേകത. കുട്ടികളുടെ പഠനനിലവാരം നിരന്തരം മോണിറ്റർ ചെയ്യുന്ന അധ്യാപകർ അച്ചടക്കവും മികച്ച പഠനനിലവാരവും ഉറപ്പുവരുത്തുന്നു. കംപ്യൂട്ടർലാബും  സജ്ജീകരിച്ചിട്ടുണ്ട്‌. പിടിഎ യോഗങ്ങൾ ചേർന്ന്‌ ഓരോ കുട്ടിയുടെയും പഠനപുരോഗതി വിലയിരുത്തുന്നു. രണ്ട്‌ ലൈബ്രറികൾ.  പതിമൂവായിരത്തിലധികം പുസ്‌തകങ്ങളും.
 കുട്ടികളുടെ കലാ സാംസ്‌കാരിക കഴിവുകൾ വളർത്താൻ സഹായിക്കുന്നതാണ്‌ ഡിബേറ്റിങ്‌ ക്രൈസ്‌റ്റ്‌. കലോത്സവം, കായികമത്സരം, സംവാദം, പ്രഭാഷണം, സെമിനാറുകൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനം ഡിബേറ്റിങ്‌ ക്രൈസ്‌റ്റ്‌ സംഘടിപ്പിക്കുന്നു. കാർഷിക ക്ലബ്‌, ഫോക്‌ലോർ ക്ലബ്‌, ഫിലിം ക്ലബ്‌ എന്നിവയുമുണ്ട്‌. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിൽ അഫിലിയേറ്റ്‌ ചെയ്‌ത ക്രിക്കറ്റ്‌ ക്ലബ്ബും. രക്തം നൽകാൻ സന്നദ്ധരായ നൂറുകണക്കിന്‌ വിദ്യാർഥികൾ കോളേജിലുണ്ട്‌. ഓരോ വർഷവും നാനൂറിലേറെ വിദ്യാർഥികൾ രക്തദാനം ചെയ്യുന്നു.
  കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, ശ്രീനാരായണ ഓപ്പൺ സർവകലാശാല, ഇഗ്‌നോ എന്നിവയുടെ വിദൂരകോഴ്‌സുകൾ ഇവിടെയുണ്ട്. അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 67 പേർ ജോലിചെയ്യുന്നു. മികച്ച ഫാക്കൽറ്റികളാണ്‌ ക്രൈസ്‌റ്റിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദി, മാത്‌സ്‌ വിഷയങ്ങളിൽ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കടക്കം ലഭിച്ചിട്ടുണ്ട്‌. 
കോഴ്‌സുകൾ
ബിഎ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കൽ സയൻസ്‌, സോഷ്യോളജി, ബികോം കോ ഓപ്പറേഷൻ, ബികോം ട്രാവൽ ആൻഡ്‌ ടൂറിസം, ബിബിഎ എച്ച്‌ആർഎം, ബിബിഎ ഫിനാൻസ്‌, ബിസിഎ, എംഎ ഇംഗ്ലീഷ്‌, മലയാളം, ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, എംകോം ഫിനാൻസ്‌, എംഎസ്‌സി മാത്തമാറ്റിക്‌സ്‌ കോഴ്‌സുകളാണുള്ളത്‌.
ഇനിയും ഉയരെ
യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ ആയിത്തറ മമ്പറത്ത്‌ പുതിയൊരു കോളേജ്‌ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ അഡ്വ. വി കെ പ്രഭാകരൻ പ്രസിഡന്റും പി എം പ്രഭാകരൻ സെക്രട്ടറിയുമായ ഭരണസമിതി. 
ഏഴേക്കർ സ്ഥലം ഇതിനായി വിലയ്‌ക്കെടുത്തു. പൂർവ വിദ്യാർഥികളും മുൻ അധ്യാപകരും നാടും ഈ സംരംഭത്തിനായി കലാലയത്തിനൊപ്പമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top