18 October Friday

പൊലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കണ്ണൂർ
പൊലീസ് സേനയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 31ാം സംസ്ഥാന സമ്മേളനം കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
കടുത്ത ജോലിഭാരവും  മാനസിക സമ്മർദവും അനുഭവിക്കേണ്ടി വരുന്ന  പൊലീസ് സേനയുടെ ശാരീരിക–- മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.  ഭരണ സംവിധാനത്തിൽ പൊലീസിന്‌ വലിയ പങ്കുണ്ട്‌. നല്ല പൊലീസ് സേനയാകണമെങ്കിൽ നല്ല സാമൂഹ്യ, രാഷ്ട്രീയ, ചരിത്ര ബോധം ഉണ്ടാകണം. 
 അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. ഇത്തരം സാമൂഹ്യ പശ്ചാത്തലം മനസ്സിലാക്കിയായിരിക്കണം സേനയുടെ  ഇടപെടൽ. ലോക പൊലീസ് സേനക്ക് മാതൃകയായി പല പ്രമാദ കേസുകളും തെളിയിക്കാൻ കേരള പൊലീസിന് സാധിച്ചിട്ടുണ്ട്. സൈബർ ക്രൈം പോലുള്ള  കേസുകൾ വർധിക്കുന്ന കാലഘട്ടമാണിത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.  നിർഭയമായും നിഷ്‌പക്ഷമായും മുന്നോട്ടുപോകാൻ സേനക്ക് സാധിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top