14 April Wednesday
കോവിഡ്‌

വയോധികർക്കുള്ള 
പ്രതിരോധ കുത്തിവയ്‌പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

60 വയസിനുമുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ ആരംഭിച്ച ദിവസം ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ തിരിച്ചറിയൽ രേഖ നൽകി രജിസ്‌റ്റർ ചെയ്യുന്നയാൾ

കണ്ണൂർ
അറുപത്‌ വയസിനുമുകളിലുള്ളവർക്കും 45നും 59നുമിടയിലുള്ള രോഗികൾക്കും കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ തുടങ്ങി. ജില്ലാ ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നേരിട്ടെത്തി  ആവശ്യപ്പെടുന്നവർക്ക്‌  സ്‌പോട്ട്‌ രജിസ്‌ട്രേഷനിലൂടെയാണ്‌‌ വാക്‌സിനേഷൻ നൽകുന്നത്‌. പ്രായം, രോഗം എന്നിവ തെളിയിക്കുന്ന രേഖകളും തിരിച്ചറിയൽ കാർഡുമായി എത്തുന്നവരെ രജിസ്‌റ്ററിൽ പേര്‌ ചേർത്ത്‌‌ കുത്തിവയ്‌പെടുത്തു. 
കൂട്ടംകൂടാതെ കോവിഡ്  മാനദണ്ഡങ്ങൾ  പാലിച്ചുമാണ്‌ വാക്‌സിൻ സ്വീകരിക്കേണ്ടത്. കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 വയസ് മുതല്‍ 59 വയസ്‌ വരെയുള്ളവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
രജിസ്‌ട്രേഷൻ തുടങ്ങി
കോവിൻ പോർട്ടൽ (https://www.cowin.gov.in)  വഴിയും ആരോഗ്യസേതു ആപ്‌ വഴിയും രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യവും തിങ്കളാഴ്‌ച മുതൽ ആരംഭിച്ചിട്ടുണ്ട്‌. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക്‌ ചെയ്യാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച്‌ നാലു‌പേരെ രജിസ്‌റ്റർ ചെയ്യാം. എല്ലാവരുടെയും തിരിച്ചറിയൽ കാർഡ്‌ നമ്പർ വ്യത്യസ്‌തമായിരിക്കണം. 
രജിസ്‌ട്രേഷൻ പൂർത്തിയായാൽ ടോക്കൺ ഡൗൺലോഡ്‌ ചെയ്യാം. മൊബൈലിൽ സന്ദേശം ലഭിക്കും. ആദ്യ ഡോസ്‌ ബുക്ക്‌ ചെയ്യുമ്പോൾ രണ്ടാം  ഡോസ്‌ എടുക്കേണ്ട  തിയതി ലഭിക്കും. കുത്തിവയ്‌പ്‌എടുക്കുന്നതുവരെ രജിസ്‌‌ട്രേഷൻ, കേന്ദ്രം എന്നിവയിൽ തിരുത്തൽ വരുത്താം. 
ജീവനക്കാർക്ക്‌ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ 
ജില്ലയിലെ രജിസ്റ്റർ ചെയ്ത  റവന്യു, പോലീസ്, തദ്ദേശം, മുനിസിപ്പൽ കോർപറേഷൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും  പോളിങ് ഉദ്യോഗസ്ഥർക്കുളള കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌  -ചൊവ്വാഴ്‌ച മുതൽ എടുക്കാം. തെരഞ്ഞെടുപ്പ് ചുമതലയുള്ള  സർക്കാർ ജീവനക്കാർ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന
സ്ഥാപനത്തിനടുത്തോ ഉള്ള കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിക്കണം. 
ജില്ലയിലെ 71 ആരോഗ്യകേന്ദ്രങ്ങൾ പ്രതിരോധ കുത്തിവയ്‌പെടുക്കാൻ സജ്ജമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top